25 Dec 2025 12:01 PM IST
Summary
ഐടികമ്പനികളില്‍ ഉത്തര കൊറിയന്‍ യുവാക്കള്‍ നുഴഞ്ഞുകയറി പണം സമ്പാദിക്കുന്നതായി ആമസോണ്‍ വെളിപ്പെടുത്തുന്നു
വിവാദമാകുന്ന ആയുധ പരീക്ഷണങ്ങള്‍ക്കും ആണവായുധ ഗവേഷണങ്ങള്‍ക്കും ഉത്തരകൊറിയ പണം കണ്ടെത്തുന്നത് എങ്ങനെയാണ്? ഇതുസംബന്ധിച്ച് നിരവധി കണ്ടെത്തലുകള്‍ ഉണ്ടെങ്കിലും തീക്കട്ടയില്‍ ഉറുമ്പരിക്കുമെന്ന് യുഎസ് പോലും കരുതിയിരിക്കില്ല. പ്യോങ്യാങിന്റെ ധനസമാഹരണം യുഎസില്‍ നിന്നുമുണ്ടെന്ന വാര്‍ത്തയാണ് യുഎസ് ടെക് ഭീമനായ ആമസോണ്‍ പുറത്തുവിട്ടിരിക്കുന്നത്.
ഐടികമ്പനികളില്‍ ഉത്തര കൊറിയന്‍ യുവാക്കള്‍ നുഴഞ്ഞുകയറി പണം സമ്പാദിക്കുന്നതായി ആമസോണ്‍ വെളിപ്പെടുത്തുന്നു. ഇത് വ്യക്തമായ സാഹചര്യത്തില്‍ 1800-ലധികം അപേക്ഷകരെയാണ് ആമസോണ്‍ തടഞ്ഞതെന്നും കമ്പനി വ്യക്തമാക്കി.
ഉത്തരകൊറിയ ഐടി തൊഴിലാളികളെ വിദേശത്തേക്ക് അയച്ച് പണം സമ്പാദിക്കുന്നതും രഹസ്യമായി രാജ്യത്തേക്ക് ഫണ്ട് തിരികെ എത്തിക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങള്‍ ഒരു കമ്പനിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഒരു ആഗോള പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ആമസോണ്‍ കൂട്ടിച്ചേര്‍ത്തു.
സംശയാസ്പദമായ ജോലി അപേക്ഷകളില്‍ വന്‍ വര്‍ധനവ്
ലോകമെമ്പാടുമുള്ള കമ്പനികളില്‍, പ്രത്യേകിച്ച് യുഎസിലെ കമ്പനികളില്‍, ഐടി ജോലികള്‍ ഉറപ്പാക്കാന്‍ ഉത്തരകൊറിയന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നു എന്ന് ആമസോണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം അപേക്ഷകളില്‍ ഏകദേശം മൂന്നിലൊന്ന് വര്‍ധനവ് കമ്പനി കണ്ടിരുന്നു. ഈ തൊഴിലാളികളില്‍ പലരും അമേരിക്കക്ക് പുറത്ത് നിയന്ത്രിക്കപ്പെടുന്ന കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്.
ഈ പ്രശ്‌നം ആമസോണിന് മാത്രമുള്ളതല്ലെന്നും വ്യവസായത്തിലുടനീളം വലിയ തോതില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെറ്റായി ഫോര്‍മാറ്റ് ചെയ്ത ഫോണ്‍ നമ്പറുകളും സംശയാസ്പദമായ അക്കാദമിക് യോഗ്യതകളും ചില പൊതു പരാതികളില്‍ ഉള്‍പ്പെടുന്നുണ്ട്.
യുഎസ് ലാപ്ടോപ്പ് ഫാം കേസ്
യുഎസ് ലാപ്ടോപ്പ് ഫാം കേസ് കൂടുതല്‍ വിശാലമായ നെറ്റ്വര്‍ക്ക് ആണ് തുറന്നുകാട്ടുന്നത്. ജൂലൈയില്‍, 300-ലധികം യുഎസ് കമ്പനികളില്‍ ഉത്തരകൊറിയന്‍ ഐടി തൊഴിലാളികള്‍ക്ക് വിദൂര ജോലികള്‍ നേടാന്‍ സഹായിക്കുന്ന ലാപ്ടോപ്പ് ഫാം നടത്തിയതിന് അരിസോണയിലെ ഒരു സ്ത്രീക്ക് എട്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. ഇതിലൂടെ അവര്‍ക്കും ഉത്തരകൊറിയയ്ക്കും 17 മില്യണ്‍ ഡോളറിലധികം വരുമാനം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ഉത്തരകൊറിയന്‍ പ്രവര്‍ത്തകര്‍ റിക്രൂട്ടര്‍മാരായി അഭിനയിക്കാന്‍ ലിങ്ക്ഡ്ഇന്‍ ഉപയോഗിച്ചതായി ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ കമ്പനികളില്‍ ജോലി ചെയ്യുന്ന ദക്ഷിണ കൊറിയക്കാരെ ലക്ഷ്യമിട്ട് സെന്‍സിറ്റീവ് സാങ്കേതിക വിവരങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത് സൈബര്‍ ചാരവൃത്തിയുടെ ഒരു മികച്ച ഉദാഹരണമാണ്.
ഉത്തരകൊറിയ സൈബര്‍ ഉദ്യോഗസ്ഥര്‍ക്ക് സജീവമായി പരിശീലനം നല്‍കിയശേഷം അവരെ ലോകമെമ്പാടുമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു. അവര്‍ അവിടെ മികച്ച കമ്പനികളില്‍ കയറിപ്പറ്റുന്നു. ഇത് തടയാന്‍ വന്‍കിട സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.
സൈബര്‍ യുദ്ധത്തിന്റെ നീണ്ട ചരിത്രം
1990-കളുടെ മധ്യത്തിലെങ്കിലും ഉത്തരകൊറിയയുടെ സൈബര്‍ യുദ്ധ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ സൈബര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ബ്യൂറോ 121 എന്നറിയപ്പെടുന്ന ഒരു പ്രത്യേക യൂണിറ്റിനുള്ളിലാണ്. ഏകദേശം 6,000 അംഗങ്ങളുള്ള ഒരു സൈബര്‍ യൂണിറ്റാണിതെന്നും യുഎസ് സൈനിക റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലൂടെ ഉത്തരകൊറിയയുമായി ബന്ധപ്പെട്ട ഹാക്കര്‍മാര്‍ 3 ബില്യണ്‍ ഡോളറിലധികമാണ് മോഷ്ടിച്ചത്. യുഎസ് ട്രഷറി വകുപ്പാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനാണ് അവരുടെ തട്ടിപ്പെന്നാണ് കണ്ടെത്തല്‍. ചുരുക്കത്തില്‍ ഉത്തരകൊറിയയുടെ ആയുധ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമുള്ള പണം അവര്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും കണ്ടെത്തുകയാണ്. ഇത് വന്‍കിടസ്ഥാപനങ്ങള്‍ക്കും മറ്റും കൂടുതല്‍ ഭീഷണിയായി ഇനിയും ഉയരും.
പഠിക്കാം & സമ്പാദിക്കാം
Home
