image

25 May 2023 12:51 PM GMT

News

ഫോസില്‍ ഇന്ധനങ്ങളെ അവഗണിക്കുന്നത് വളര്‍ച്ചയെ ബാധിക്കും: സിഇഎ

MyFin Desk

ignoring fossil fuels will hurt growth cea
X

Summary

  • മതിയായതും താങ്ങാവുന്ന ചെലവിലുള്ളതുമായ ഊർജം ഉറപ്പാക്കണം
  • ഫോസില്‍ ഇന്ധനം ഉപേക്ഷിക്കാനാവില്ലെന്ന് ഗ്രീന്‍ ഫിനാന്‍സിയേഴ്സ് മനസിലാക്കണം
  • വളര്‍ച്ചയ്ക്കു മുന്നിലെ ഏറ്റവും വലിയ ആശങ്ക ഊര്‍ജ്ജ സുരക്ഷ


ഫോസില്‍ ഇന്ധനങ്ങളില്‍ അധിഷ്ഠിതമായ വൈദ്യുതി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ധനകാര്യ മേഖല മൊത്തത്തില്‍ വിമുഖത കാണിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) അനന്ത നാഗേശ്വരന്‍. വ്യാവസായിക സംഘടനയായ സിഐഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് വികസ്വര രാജ്യങ്ങള്‍ ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കേണ്ടതിന് പ്രാമുഖ്യം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

"ആഗോളതാപനത്തെ അഭിസംബോധന ചെയ്യുന്നത് പ്രധാനമാണ് എന്നതിൽ സംശയമില്ല. എന്നാൽ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിന് മതിയായതും താങ്ങാവുന്ന ചെലവിലുള്ളതുമായ ഊർജം ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതും വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് അതുപോലെ പ്രധാനമാണ്,” സിഇഎ വിശദീകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അപകടത്തിലായാല്‍ ധനകാര്യ, സ്വകാര്യ മേഖലകളുടെ സ്രോതസ്സുകള്‍ തലമുറകളോളം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിതോര്‍ജ്ജ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യക്ക് ഫോസിൽ ഇന്ധനം പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയില്ലെന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യക്ക് കൈവരിക്കാൻ കഴിഞ്ഞ വളർച്ചാ നിരക്ക് നിലനിർത്തുന്നതില്‍ മുന്നിലുള്ള ഏറ്റവും വലിയ ആശങ്ക ഊർജ സുരക്ഷയാണ്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ മൂലം ഊർജ്ജ സുരക്ഷ സമീപ വർഷങ്ങളിൽ ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണ്.

2025നു ശേഷം കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടുവരണമെന്നും 2050-ഓടെ ഇത് പൂജ്യത്തിലെത്തിക്കണമെന്നുമാണ് ഇന്ത്യയും ചൈനയും ഉൾപ്പെടെ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളോടും ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഉപഭോക്താവും അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും ഹരിതോര്‍ജ്ജത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ്.

അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും വലിച്ചെടുക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും തുല്യതയില്‍ എത്തുന്ന നെറ്റ് സീറോയിലേക്ക് 2070ഓടെ മാത്രം എത്താനാകുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. 2070-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.