image

30 Sept 2024 3:47 PM IST

News

ഓഹരി വിപണിയിലേക്ക് അടിച്ചു കയറി മലയാളികൾ ! നിക്ഷേപകരുടെ എണ്ണം 25 ലക്ഷം കടന്നു

MyFin Desk

Sensex, Nifty decline in early trade after 3 days of rally
X

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 25 ലക്ഷം കടന്നു. നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് പുറത്ത് വിട്ട കണക്ക് പ്രകാരം 2024-25 സാമ്പത്തിക വർഷം ഓഗസ്റ്റ് 31 വരെ 25.06 ലക്ഷമാണ് കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം. കോവിഡിന് ശേഷം നിക്ഷേപരുടെ എണ്ണത്തിൽ വൻ മുന്നേറ്റമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. പരമ്പരാഗത നിക്ഷേപ രീതികളിൽ നിന്ന് മലയാളി മാറുന്നതിന്റെ സൂചന കൂടിയാണിത്.

2019- 20ൽ 9.42 ലക്ഷം പേരായിരുന്നു ഓഹരി വിപണിയിൽ നിക്ഷേപമുള്ള മലയാളികൾ. എന്നാൽ പിന്നീടുള്ള നാലര വർഷത്തിനിടെ നിക്ഷേപകരുടെ എണ്ണം 25 ലക്ഷത്തിന് മുകളിലേക്ക് ഉയർന്നു. കേരളത്തിൽ നിന്ന് കഴിഞ്ഞമാസം 49,900 പേരാണ് പുതുതായി രജിസ്റ്റർ ചെയ്തത്. രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ നാലിലൊന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

ഇന്ത്യയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 10 കോടിയാണ്. ഇതിൽ 1.7 കോടി നിക്ഷേപകരും മഹാരാഷ്ട്രയിൽ നിന്നാണ്. 16.8 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. 1.13 കോടി നിക്ഷേപകരും 11.2% വിഹിതവുമായി ഉത്തർപ്രദേശാണ് രണ്ടാമത്. 88.47 ലക്ഷം പേരും 8.7% വിഹിതവുമായി ഗുജറാത്ത് മൂന്നാംസ്ഥാനത്തുണ്ട്.

ബംഗാൾ (58.98 ലക്ഷം പേർ), രാജസ്ഥാൻ (57.79 ലക്ഷം) ,കർണാടക (56.39 ലക്ഷം), തമിഴ്നാട് (53.34 ലക്ഷം), മധ്യപ്രദേശ് (49.22 ലക്ഷം), ആന്ധ്രാപ്രദേശ് (45.89 ലക്ഷം), ഡൽഹി (45.49 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിക്ഷേപകരുടെ വിവരങ്ങൾ. 2,000 പേർ വീത മുള്ള ലക്ഷദ്വീപും ല‌ഡാക്കുമാണ് ഏറ്റവും പിന്നിൽ. പട്ടികയിൽ 14-ാം സ്ഥാനത്താണ് കേരളം.