2 April 2024 12:33 PM IST
Summary
- 2022-23 ല്‍ 16,000 കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്
- ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് ഇന്ത്യ ഇപ്പോഴും
- ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യം അമേരിക്കയാണ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയായ 21,083 കോടി രൂപയിലെത്തി.2022-23 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 32.5 ശതമാനത്തിന്റെ വളര്‍ച്ചയാണു കൈവരിച്ചതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 2024 ഏപ്രില്‍ 1 ന് അറിയിച്ചു.
2022-23 ല്‍ 16,000 കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2024-25 ഓടെ പ്രതിരോധ മേഖലയിലെ കയറ്റുമതി 35,000 കോടി രൂപയിലെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റ്-തേജസ്, ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററുകള്‍, വിമാന വാഹിനി കപ്പലുകള്‍ തുടങ്ങിയ ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളോട് ആഗോള തലത്തില്‍ താല്‍പര്യം വര്‍ധിച്ചതാണ് ഇന്ത്യയുടെ ആയുധ കയറ്റുമതിയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ 85ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 155 എംഎം അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍സ്, ബ്രഹ്മോസ് മിസൈലുകള്‍ തുടങ്ങി വിവിധ നൂതന പ്രതിരോധ സംവിധാനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറ്റലി, മാലദ്വീപ്, റഷ്യ, ശ്രീലങ്ക, യുഎഇ, ഫിലിപ്പീന്‍സ്, സൗദി അറേബ്യ, പോളണ്ട്, ഈജിപ്റ്റ്, ഇസ്രയേല്‍, സ്‌പെയിന്‍, ചിലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ നേട്ടം കൈവരിക്കുമ്പോഴും ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ ഇപ്പോഴും തുടരുന്നു.
സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2019 നും 2023 നുമിടയില്‍ ആഗോളതലത്തില്‍ നടന്ന മൊത്തം ആയുധ ഇറക്കുമതിയുടെ 9.8 ശതമാനവും ഇന്ത്യയിലാണെന്നാണ്.
ലോകത്തില്‍ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യം അമേരിക്കയാണ്. ആഗോള തലത്തില്‍ നടക്കുന്ന ആയുധ കയറ്റുമതിയുടെ 42 ശതമാനവും അമേരിക്കയുടേതാണ്.
ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 11 ശതമാനം വരും ഇവരുടെ പങ്ക്. 5.8 ശതമാനവുമായി ചൈന മൂന്നാം സ്ഥാനത്താണ്.
പഠിക്കാം & സമ്പാദിക്കാം
Home
