6 July 2025 11:49 AM IST
Summary
ഇന്ത്യ അപൂര്‍വ ഭൂമി ധാതുക്കളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കും
പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, ഔഷധനിര്‍മ്മാണം, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളില്‍ ഇന്ത്യയും അര്‍ജന്റീനയും സഹകരണം വര്‍ധിപ്പിക്കും. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് എത്തിയതിന് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2018 ല്‍ മോദി അര്‍ജന്റീന സന്ദര്‍ശിച്ചിരുന്നുവെങ്കിലും, 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നല്‍കിയതിന് പ്രസിഡന്റ് മിലേയോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
'ഇന്ത്യ-അര്‍ജന്റീന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികവും, ഉഭയകക്ഷി ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന്റെ 5-ാം വാര്‍ഷികവും ഞങ്ങള്‍ ആഘോഷിക്കുകയാണ്' ചര്‍ച്ചകള്‍ക്ക് ശേഷം മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ഔഷധ നിര്‍മ്മാണം, കായികം തുടങ്ങിയ മേഖലകളിലും ഇന്ത്യ-അര്‍ജന്റീന സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അര്‍ജന്റീനിയന്‍ പ്രസിഡന്റുമായുള്ള സംഭാഷണത്തിനിടെ, ഇന്ത്യയും അര്‍ജന്റീനയും സ്വാഭാവിക പങ്കാളികളാണെന്നും സഹകരണം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇരുപക്ഷവും ഇത് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി അപൂര്‍വ ഭൂമി ധാതുക്കളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനും ഇരു രാജ്യങ്ങളും സഹകരിക്കും. നിര്‍ണായക ധാതുക്കളുടെ കാര്യത്തില്‍ അര്‍ജന്റീനക്ക് സമ്പന്നമായ ശേഖരമാണുള്ളത്. ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും മോദിയും മിലേയും ചര്‍ച്ച ചെയ്തു.