image

10 May 2023 3:47 PM IST

News

നിക്ഷേപ വളര്‍ച്ചയ്ക്കും വിവരകൈമാറ്റത്തിനും ഇന്ത്യ- കാനഡ ധാരണ

MyFin Desk

india-canada agreement for investment growth and information exchange
X

Summary

  • ഈ വര്‍ഷം അവസാനത്തോടെ ധാരണാപത്രം ഒപ്പിടും
  • ഒക്റ്റോബറില്‍ കനേഡിയന്‍ സംഘം ഇന്ത്യയിലേക്ക്
  • ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ വാർഷിക സംഭാഷണം നടത്തും


ഏകോപിതമായി നിക്ഷേപ പ്രോത്സാഹനവും വിവര കൈമാറ്റവും നടപ്പാക്കുന്നതിനായി പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും കാനഡയും തമ്മില്‍ ധാരണ. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കും. വ്യാപാര നിക്ഷേപം സംബന്ധിച്ച ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല ചർച്ചകള്‍ക്കു ശേഷമാണ് സഹകരണം സംബന്ധിച്ച് അന്തിമ ധാരണയായത്. തിങ്കളാഴ്ച ഒട്ടോവയിലായിരുന്നു മന്ത്രിതല ചര്‍ച്ച.

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കനേഡിയൻ അന്താരാഷ്ട്ര വാണിജ്യ മന്ത്രി മേരി എൻജിയുമാണ് ഇരു രാഷ്ട്രങ്ങളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഒക്ടോബറിൽ ഇന്ത്യ സന്ദര്‍ശിച്ചു കൊണ്ട് നടത്തുന്ന കനേഡിയൻ വ്യാപാര ദൗത്യത്തിന് താൻ നേതൃത്വം നൽകുമെന്ന് എൻജി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇത് അവസരമൊരുക്കും.

ചരക്കുകളിലെ ഇന്ത്യ-കാനഡ ഉഭയകക്ഷി വ്യാപാരം 2022ൽ ഏകദേശം 8.2 ബില്യൺ ഡോളറിലെത്തി, 2021 നെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ സേവന മേഖലയില്‍ നിന്നുള്ള സംഭാവനയുടെ പ്രാധാന്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു., ഉഭയകക്ഷി സേവന വ്യാപാരം 2022 ൽ ഏകദേശം 6.6 ബില്യൺ ഡോളറായി ഉയർത്താനുള്ള പ്രധാന മേഖലകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

അടിസ്ഥാന സൗകര്യ വികസനം, നിർണായക ധാതുക്കൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും. ഉഭയകക്ഷി പ്രാധാന്യമുള്ള വ്യാപാര വിഷയങ്ങൾ നിരന്തരം പരസ്പരം ചർച്ച ചെയ്യാൻ ഇരു മന്ത്രിമാരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ടൊറന്റോയിലെ പ്രോസ്പെക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് അസോസിയേഷൻ കോൺഫറൻസിന് (പിഡിഎസി) അനുബന്ധമായി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഔദ്യോഗിക വാർഷിക സംഭാഷണം നടത്തും. പരസ്പരം താല്‍പ്പര്യമുള്ള വിഷയങ്ങളിലായിരിക്കും സംഭാഷണം. കാനഡ-ഇന്ത്യ സിഇഒ ഫോറം പുനരാരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്. ബി2ബി ഇടപഴകൽ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായിരിക്കും ഇത്.