image

21 Aug 2023 2:53 PM IST

News

കാറുകള്‍ക്ക് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ്

MyFin Desk

bharat ncap india | crash test rating
X

Summary

  • ഭാരത് എന്‍സിഎപിയില്‍ 3.5 ടണ്‍ വരെ ഭാരം വരുന്ന വാഹനങ്ങളുടെ സുരക്ഷയാണ് പരിശോധിക്കുന്നത്.
  • ഒന്നു മുതല്‍ അഞ്ച് വരെയാണ് സ്റ്റാര്‍ റേറ്റിംഗ്. കുട്ടികളുടെ സുരക്ഷയ്ക്കും, മുതിര്‍ന്നവരുടെ സുരക്ഷയ്ക്കും വേറെ വേറെ റേറ്റിംഗാണ്.


ഇന്ത്യയിലെ കാറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തിന്റെ സ്വന്തം സംവിധാനം. ഭരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (ഭാരത് എന്‍സിഎപി) എന്നറിയപ്പെടുന്ന സംവിധാനമാണ് നാളെ (ഓഗസ്റ്റ് 22 ന്) കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുന്നത്. കാറുകളുടെ സുരക്ഷ പരിശോധിക്കാന്‍ സ്വന്തമായി സംവിധാനം എന്നത് ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. നിലവില്‍ ഗ്ലോബല്‍ എന്‍സിഎപിയ്ക്ക് കീഴിലാണ് ഇന്ത്യയിലെ കാറുകളുടെ സുരക്ഷ പരിശോധന നടത്തിയിരുന്നത്.

ഭാരത് എന്‍സിഎപിയില്‍ 3.5 ടണ്‍ വരെ ഭാരം വരുന്ന വാഹനങ്ങളുടെ സുരക്ഷയാണ് പരിശോധിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ചതോ, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോ ആയ കാറുകളെയാണ് ഈ ഇടിപ്പരീക്ഷയ്ക്ക് ( ക്രാഷ് ടെസ്റ്റ് ) വിധേയമാക്കുന്നത്. കാര്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ പരിശോധന നടത്താം. നേരിട്ട് നിര്‍മാതാക്കള്‍ കൈമാറുന്ന കാറുകള്‍ക്ക് പകരം ഭാരത് എന്‍സിഎപിഎ കാറുകള്‍ ഷോറൂമില്‍ നിന്നും തെരഞ്ഞെടുക്കയും ചെയ്യാം.

എങ്ങനെ പരിശോധന നടത്താം

കാര്‍ മോഡലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കാര്‍ നിര്‍മാതാക്കള്‍ അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിച്ചാല്‍ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിനുള്ള തീയതി അറിയിക്കും. ടെസ്റ്റില്‍ റേറ്റിംഗ് കുറഞ്ഞാല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും ടെസ്റ്റിന് വിധേയമാക്കാം. ഡ്രൈവറടക്കം എട്ട് ആളുകളെ വരെ ഉള്‍ക്കൊള്ളുന്ന വാഹനങ്ങളെയാണ് സുരക്ഷ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ക്കും സുരക്ഷ പരിശോധനയ്ക്ക് വിധേയമാകാം. ഒന്നു മുതല്‍ അഞ്ച് വരെയാണ് സ്റ്റാര്‍ റേറ്റിംഗ്. കുട്ടികളുടെ സുരക്ഷയ്ക്കും, മുതിര്‍ന്നവരുടെ സുരക്ഷയ്ക്കും വേറെ വേറെ റേറ്റിംഗാണ്.

കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ രൂപകല്‍പ്പന, കാറിന്റെ ഘടനാപരമായ സുരക്ഷ, സജീവമായ സുരക്ഷാ സഹായ സാങ്കേതികവിദ്യകള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങിയ വിവിധ ഘടകങ്ങള്‍ സ്റ്റാര്‍ റേറ്റിംഗില്‍ പരിഗണിക്കും. മുതിര്‍ന്നവര്‍ക്ക് അഞ്ച് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കണമെങ്കില്‍ സുരക്ഷ പരിക്ഷണത്തില്‍ 27 പോയിന്റും, കുട്ടികള്‍ക്ക് അഞ്ച് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കണമെങ്കില്‍ 41 പോയിന്റും നേടണം. മുന്‍ ഭാഗം, വശങ്ങള്‍, പോള്‍ സൈഡ് എന്നീ മൂന്നു ഭാഗങ്ങളുടെ പരിശോധനയാണ് പ്രധാനമായും നടത്തുന്നത്.