11 Jun 2025 4:50 PM IST
രാജ്യത്തെ ജനസംഖ്യ 146.39 കോടിയെന്ന് യു.എൻ റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ മാസത്തെ കണക്കുപ്രകാരം യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ 141.61 കോടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രത്യുത്പാദന ശേഷി 2.1 ല്‍ നിന്നും 1.9 ആയി കുറഞ്ഞു. ഇന്ത്യന്‍ ജനസംഖ്യ അടുത്ത 40 വര്‍ഷത്തിനിടയില്‍ 170 കോടിയിലെത്തുമെന്നും, അതിനു ശേഷം ജനസംഖ്യയില്‍ ഇടിവ് നേരിടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോക ജനസംഖ്യ 823.2 കോടിയാണ്. ഇതിന്റെ 18%വും ഇന്ത്യയിലാണ്. ഇതില്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ 24%വും, 10 നും 19നും ഇടയില്‍ പ്രായമുള്ളവര്‍ - 17%വും 10 നും24 നും ഇടയിലുള്ളവര്‍ - 26%വും, 15 നും 64നും ഇടയിലുള്ളവര്‍ - 68%വുമാണ്. 65 വയസ്സിനു മുകളിലെ മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ 7% മാത്രമാണ്. വരും വര്‍ഷങ്ങളില്‍ ഇത് ഉയരുമെന്നും, സ്ത്രീകള്‍ക്ക് 74 വയസ്സും പുരുഷന്മാര്‍ക്ക് 71ഉം ആണ് ആയുര്‍ദൈര്‍ഘ്യമെന്നും യു എന്‍ റിപ്പോര്‍ട്ട് പറയുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്നു 2021 ല്‍ ഇന്ത്യയുടെ സെന്‍സസ് നടപടികള്‍ തടസപ്പെട്ടിരുന്നു. 2027 മാര്‍ച്ചിനു മുന്‍പായി സെന്‍സസ് പൂര്‍ത്തിയാക്കാനാണു പുതിയ പദ്ധതി.