image

11 Jan 2024 12:44 PM IST

News

ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യക്ക് 80-ാം സ്ഥാനം

MyFin Desk

india ranks 80th in the list of powerful passports
X

Summary

  • ഒന്നാം സ്ഥാനത്ത് 4 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍
  • പട്ടികയില്‍ ഏറ്റവുമധികം മുന്നേറ്റം യുഎഇക്ക്
  • ഏറ്റവും പിറകിലുള്ളത് അഫ്‍ഗാനിസ്ഥാന്‍ പാസ്‍പോർട്ട്


2024ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഉസ്ബക്കിസ്ഥാനൊപ്പം എണ്പതാം സ്ഥാനത്താണ് ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോര്ട്ട് ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ പട്ടികയിലും ഇന്ത്യക്ക് സമാന സ്ഥാനമായിരുന്നു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിങ്ങനെ നാലു രാഷ്ട്രങ്ങളാണ് പട്ടികയില് ഒന്നാം സ്ഥാനത്തെത്തിയത്. സൂചികയ്ക്കായി വിലയിരുത്തുന്ന 227 ഡെസ്‍റ്റിനേഷനുകളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ പോകാന് ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുള്ളവര്ക്ക് സാധിക്കും.

ദക്ഷിണ കൊറിയ, സ്വീഡൻ, ഫിൻലാൻഡ് എന്നിവ രണ്ടാം സ്ഥാനം പങ്കിടുന്നു. 2023ലെ പട്ടികയില്‍ നിന്ന് ഒരു പടി കയറിയ ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ പ്രവേശിക്കാം. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‍സ് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. 192 സ്ഥലങ്ങളിലേക്കാണ് ഈ രാജ്യങ്ങളുടെ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകുക. യുഎസ് ഏഴാം സ്ഥാനത്താണ് ഉള്ളത്. പട്ടികയില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയിട്ടുള്ളത് യുഎഇ ആണ്. 11-ാം സ്ഥാനത്തുള്ള യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 183 രാജ്യങ്ങള് സന്ദര്‍ശിക്കാനാകും.

ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാൻ പട്ടികയില്‍ നൂറ്റിയൊന്നാം സ്ഥാനത്താണ്. ചൈന 62-ാം സ്ഥാനത്താണ്. ഈ വർഷം രണ്ട് സ്ഥാനങ്ങൾ കയറിയ ചൈനീസ് പാസ്‍പോര്‍ട്ട് ഉപയോഗിച്ച് 85 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം 10 വർഷം മുമ്പുള്ളതിന്റെ ഇരട്ടിയാണിത്. അഫ്‍ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. 28 രാഷ്ട്രങ്ങളിലേക്ക് മാത്രമാണ് അഫ്‍ഗാനിസ്ഥാന്‍ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക.