26 Dec 2023 12:42 PM IST
Summary
- റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്തപ്പോഴും പേയ്‌മെന്റ് നടത്തിയത് രൂപയിലായിരുന്നു
- 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 232.7 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്
- ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്
ഇതാദ്യമായി യുഎഇക്ക് ഇന്ത്യ രൂപ ഉപയോഗിച്ച് ക്രൂഡ് ഓയില്‍ പേയ്‌മെന്റ് നടത്തി.
10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാനാണ് ഇന്ത്യ രൂപ നല്‍കിയത്.
യുഎഇ എണ്ണക്കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (എഡിഎന്‍ഒസി) നിന്നും ഇന്ത്യയുടെ കറന്‍സിയായ രൂപയില്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് ഇരുരാജ്യങ്ങളും കഴിഞ്ഞ ജുലൈയില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ക്രൂഡ് ഇറക്കുമതിക്ക് രൂപയില്‍ പേയ്‌മെന്റ് നടത്തിയത്.
അന്താരാഷ്ട്ര വ്യാപാര സമ്പ്രദായമനുസരിച്ച് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പേയ്‌മെന്റിനായി ഉപയോഗിക്കുന്ന കറന്‍സി യുഎസ് ഡോളറാണ്.
പതിറ്റാണ്ടുകളായി ഇന്ത്യ ക്രൂഡ് വാങ്ങിയിരുന്നത് യുഎസ് ഡോളര്‍ പേയ്‌മെന്റിലൂടെയാണ്. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
സമീപകാലത്ത് റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്തപ്പോഴും ഇന്ത്യ പേയ്‌മെന്റ് നടത്തിയത് രൂപയിലായിരുന്നു.
ഇന്ത്യന്‍ കറന്‍സി അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പേയ്‌മെന്റുകള്‍ രൂപയില്‍ നടത്താന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 2022 ജുലൈ 11-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇറക്കുമതിക്കാര്‍ക്ക് രൂപ ഉപയോഗിച്ചു പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് രൂപയില്‍ പേയ്‌മെന്റ് സ്വീകരിക്കാനും അനുമതി നല്‍കിയിരുന്നു.
ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 232.7 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിനായി 157.5 ബില്യന്‍ ഡോളറും ചെലവഴിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
