3 Aug 2023 2:55 PM IST
Summary
- ഒന്‍പത് ദശലക്ഷം ടണ്‍ ഗോതമ്പാണ് ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്
- ആഭ്യന്തര സ്‌റ്റോക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കം
- മാര്‍ക്കറ്റില്‍ ഗോതമ്പിന്റെ വില ക്രമേണ ഉയരുന്നു
ആഭ്യന്തര സ്‌റ്റോക്ക് വര്‍ധിപ്പിക്കുന്നതിനായി റഷ്യയില്‍ നിന്ന് ഒന്‍പത് ദശലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഒരു സര്‍ക്കാര്‍ -സര്‍ക്കാര്‍ കരാറിലൂടെയുള്ള ഇറക്കുമതിക്കാണ് ഒരുങ്ങുന്നത്.
ഗോതമ്പിന്റെ അഖിലേന്ത്യ ഉപഭോക്തൃ മൊത്തവില ഓഗസ്റ്റ് രണ്ടിന് 6.2 ശതമാനം ഉയര്‍ന്ന് 2,633 രൂപയായി, ഒരു വര്‍ഷം മുമ്പ് 2,480 രൂപയായിരുന്നു. ആഭ്യന്തര ഉല്‍പ്പാദനം കുറയുമെന്ന ആശങ്കകള്‍ക്കിടയില്‍ സര്‍ക്കാര്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് പരിധി ഏര്‍പ്പെടുത്തുകയും ധാന്യങ്ങള്‍ വ്യാപാരികള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തതോടെ വില ഉയരുകയാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഇറക്കുമതി സാധ്യതകള്‍ പരിശോധിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
ധാന്യങ്ങളിലും ഉല്‍പ്പന്നങ്ങളിലുമുള്ള ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 16.3 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ അവസാനം വരെ മൊത്ത ക്യുമുലേറ്റീവ് പണപ്പെരുപ്പം 7.6 ശതമാനവുമാണെന്ന് പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നു. കുറഞ്ഞ ഉല്‍പ്പാദനവും സ്റ്റോക്കുകള്‍ കുറയുന്നതും ഡിമാന്‍ഡ് വര്‍ധിച്ചതും ഗോതമ്പിന്റെ വിലക്കയറ്റത്തിന് ആക്കം കൂട്ടി.
2023-ല്‍ ഇന്ത്യയുടെ ഗോതമ്പ് ഉല്‍പ്പാദനം റെക്കോര്‍ഡ് 112.7 ദശലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടായ മഴകാരണം വ്യാപാരികളും മില്ലുകളും 101-103 ദശലക്ഷം ടണ്‍വിളവെടുപ്പ് മാത്രമാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ട പ്രകാരം പാകമാകുന്ന വിളകള്‍ മഴയില്‍ ഭാഗികമായെങ്കിലും നശിച്ചിട്ടുണ്ട്.
ഉപഭോക്തൃ കാര്യ, ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, ഓഗസ്റ്റ് രണ്ടിന് ലോക്സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍, ഗോതമ്പിന്റെ ചില്ലറ വില്‍പ്പന വില തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വിലകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ ഗോതമ്പിന്റെ ശരാശരി റീട്ടെയില്‍ വില കിലോയ്ക്ക് 31.58 രൂപയായിരുന്നത് മേയില്‍ 28.74 രൂപയായി കുറഞ്ഞു. അതിനുശേഷം, ജൂലൈയില്‍ അതിന്റെ ശരാശരി ചില്ലറ വില കിലോയ്ക്ക് 29.59 രൂപയായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.
റഷ്യയും ഉക്രെയ്‌നും ഗോതമ്പിന്റെയും സൂര്യകാന്തി എണ്ണയുടെയും വലിയ വിതരണക്കാരാണ്.
പഠിക്കാം & സമ്പാദിക്കാം
Home
