10 Dec 2023 9:00 AM GMT
Summary
- ആഗോള ജിഡിപിക്ക് വേഗത പകരാൻ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ശ്രമിക്കുന്നു
- ഇന്ത്യയുടെ വലിയ നേട്ടമാണ് ജി20 ഡൽഹി പ്രഖ്യാപനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം കാരണം കഴിഞ്ഞ ദശകത്തിൽ ഇന്ത്യ എല്ലാ മേഖലകളിലും അതിവേഗം വളർന്നുവെന്നും ഷാ അവകാശപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും, ഭീകര രഹിത ലോകത്തിനായുള്ള പ്രചാരണത്തിനും മോദി നേതൃത്വം നല്‍കുന്നുവെന്നും മന്ദഗതിയിലായ ആഗോള ജിഡിപിക്ക് വേഗത പകരാൻ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ലോകത്തെ അദ്ദേഹം ശ്രമിക്കുന്നുവെന്നും ഷാ പറഞ്ഞു.
നയതന്ത്ര രംഗത്ത് ഇന്ത്യയുടെ വലിയ നേട്ടമാണ് ജി20 ഡൽഹി പ്രഖ്യാപനം. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുടനീളം 13.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" ഇതിനകം വിവിധ കമ്പനികളുമായി 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങൾ ഒപ്പിട്ടതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഞാൻ അഭിനന്ദിക്കുന്നു. രണ്ട് ദിവസത്തെ ഉച്ചകോടി ഉത്തരാഖണ്ഡിന് നിരവധി പുതിയ കാര്യങ്ങളുടെ തുടക്കമാകും. നിക്ഷേപ സൗഹൃദ നയങ്ങൾക്ക് പുറമെ അഴിമതി രഹിത ഭരണവും ഉത്തരാഖണ്ഡിനുണ്ട്, " അമിത് ഷാ പറഞ്ഞു.