image

30 Sept 2025 12:30 PM IST

News

ഗാസ സമാധാനപദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യ

MyFin Desk

ഗാസ സമാധാനപദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യ
X

Summary

പശ്ചിമേഷ്യന്‍ മേഖലയ്ക്ക് സമാധാനം, സുരക്ഷ, വികസനം എന്നിവ ട്രംപിന്റെ പദ്ധതി വിഭാവനം ചെയ്യുന്നു


ഇസ്രയേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

'ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍, ഇസ്രയേല്‍ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യന്‍ മേഖലയ്ക്കും സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ഈ ശ്രമത്തിന് പിന്നില്‍ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

ട്രംപിന്റെ പദ്ധതി പ്രകാരം വ്യോമാക്രമണങ്ങളും പീരങ്കി വെടിവയ്പ്പും ഉള്‍പ്പെടെയുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

20 പോയിന്റ് പദ്ധതി പ്രകാരം, എല്ലാ ബന്ദികളെയും മോചിപ്പിച്ചുകഴിഞ്ഞാല്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ പിന്‍വലിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും.

അതേസമയം ഖത്തര്‍ തലസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ ക്ഷമാപണം നടത്തി. ഇനി അങ്ങനൊരു നീക്കം നടത്തില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.