image

7 May 2025 8:36 AM IST

News

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ആക്രമണം; തകര്‍ത്തത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍

MyFin Desk

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ആക്രമണം;  തകര്‍ത്തത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍
X

Summary

  • അതിര്‍ത്തി കടക്കാതെ നടത്തിയ തിരിച്ചടി
  • അധിനിവേശ കശ്മീരിനു പുറത്തും തിരിച്ചടി
  • സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല


പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ആക്രമണം. 'നിഷ് വെപ്പണ്‍ സിസ്റ്റങ്ങള്‍' ഉപയോഗിച്ച് നടത്തിയ കൃത്യമായ ആക്രമണങ്ങളായിരുന്നു നടന്നതെന്ന് പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കി.

പുലര്‍ച്ചെ 1.44ന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഈ മിസൈലാക്രമണത്തില്‍ ജയ്ഷെ-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ പഞ്ചാബിലെ ബഹാവല്‍പൂര്‍ അടക്കം തകര്‍ന്നു. ഇന്ത്യന്‍ ആക്രമണം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ വ്യക്തമായിട്ടില്ല.

അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യ ഈ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്നത്. മുന്‍പ് നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെ ഇതുവരെ നടന്ന ആക്രമണങ്ങള്‍ അധിനിവേശ കശ്മീര്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു.

ഇന്ത്യന്‍ സായുധ സേന തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചിട്ടുണ്ട്, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരിച്ചടി. ഇതിനെതിരെ പ്രതികരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ, ഇന്ത്യന്‍ സൈന്യം 'നീതി നടപ്പാക്കപ്പെട്ടു' എന്ന് പോസ്റ്റ് ചെയ്തു.