image

10 Feb 2026 3:12 PM IST

News

ഇന്ത്യാക്കാരുടെ കുടിയേറ്റം യുകെയുടെ വളര്‍ച്ചക്ക് ഗുണകരമായതായി റിപ്പോര്‍ട്ട്

MyFin Desk

ഇന്ത്യാക്കാരുടെ കുടിയേറ്റം യുകെയുടെ  വളര്‍ച്ചക്ക് ഗുണകരമായതായി റിപ്പോര്‍ട്ട്
X

Summary

ആരോഗ്യം, എഞ്ചിനീയറിങ്ങ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ ഇന്ത്യക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതായി ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് കോംപ്ലക്സ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു


യുകെയിലേക്കുള്ള ഇന്ത്യന്‍ ജനതയുടെ കുടിയേറ്റം രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യം, എഞ്ചിനീയറിങ്ങ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ ഇന്ത്യക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതായി ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് കോംപ്ലക്സ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഹിയര്‍ ആന്റ് നൗ 365, ആസ്റ്റണ്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്ത്യ സെന്റര്‍ ഇന്‍ ബര്‍മിങ്ഹാമും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വിവിധ മേഖലകളില്‍ നൈപുണ്യമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്.

ഔദ്യോഗിക ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ മാത്രം 2023 ജൂണ്‍ മുതല്‍ ജോലി ചെയ്യുന്നത് 60,533 ഇന്ത്യന്‍ തൊഴിലാളികളാണ്.

2019നും 2024 നുമിടയില്‍ യുകെയിലെ വിവിധ മേഖലകളില്‍ ഇന്ത്യക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം ബ്രിട്ടീഷ് പൗരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ 488,000 ആയി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രെക്സ്റ്റിന് ശേഷമുള്ള കുടിയേറ്റ നയം, തൊഴിലാളി ക്ഷാമം, തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നൈപുണ്യമുള്ള തൊഴിലാളികളെത്തിയത് വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.