image

8 April 2026 3:20 PM IST

News

യുദ്ധഭീതി ഒഴിയുന്നില്ല; ഇറാനിലുള്ള ഇന്ത്യാക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

MyFin Desk

യുദ്ധഭീതി ഒഴിയുന്നില്ല; ഇറാനിലുള്ള ഇന്ത്യാക്കാര്‍   ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം
X

Summary

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയിലെ സുരക്ഷാ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതിനാലാണ് ഈ നിര്‍ദ്ദേശം എംബസി പുറപ്പെടുവിച്ചത്. എംബസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്


ഇറാനിലുള്ള ഇന്ത്യക്കാര്‍ ലഭ്യമായ സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയിലെ സുരക്ഷാ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതിനാലാണ് ഈ നിര്‍ദ്ദേശം എംബസി പുറപ്പെടുവിച്ചത്.

എംബസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് മേഖല യുദ്ധഭീതിയിലായത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഉപരോധം നീക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ട്രംപിന്റെ ഭീഷണിക്ക് ശേഷമാണ് ഇരുരാജ്യങ്ങളും രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയായത്.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന ഉറപ്പില്‍, കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം അനുവദിക്കാമെന്ന് ഇറാനും സമ്മതിച്ചു. ഈ താല്‍ക്കാലിക ആശ്വാസത്തെ ഒരു 'ചരിത്ര വിജയമായാണ്' ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്.

സമാധാന ശ്രമങ്ങളുടെ ഭാഗമായി ഏപ്രില്‍ 10-ന് പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ മുഖാമുഖ ചര്‍ച്ചകള്‍ നടക്കും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിനെ പിന്തുണച്ചെങ്കിലും, ലെബനനിലെ ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തില്‍ അയവുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൗരന്മാര്‍ സഹായത്തിനായി cons.tehran@mea.gov.in എന്ന ഇമെയിലില്‍ ബന്ധപ്പെടാന്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട എംബസി നമ്പറുകള്‍:+989128109115, +989128109109, +989128109102, +989932179359 എന്നിവയാണെന്നും എക്‌സിലെ സന്ദേശത്തില്‍ പറയുന്നു.