image

4 March 2023 4:30 AM GMT

News

രാജ്യത്തെ സേവന മേഖല 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് പിഎംഐ സർവ്വേ

MyFin Desk

public service sector profit
X

Summary

തുടർച്ചയായ 19 ആം മാസത്തിലാണ് സൂചിക 50 നു മുകളിൽ തുടരുന്നത്.


ഡിമാൻഡിലെ വർധനവും, പുതിയ ബിസിനസുകളിലുണ്ടായ മുന്നേറ്റവും മൂലം രാജ്യത്തെ സേവന മേഖല കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഫെബ്രുവരി മാസത്തിൽ എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസിന്റെ പിഎംഐ ബിസിനസ് പ്രവർത്തന സൂചിക 59.4 ആയി ഉയർന്നു. ജനുവരിയിൽ ഇത് 57.2 ആയിരുന്നു. തുടർച്ചയായ 19 ആം മാസത്തിലാണ് സൂചിക 50 നു മുകളിൽ തുടരുന്നത്. സൂചിക 50 നു മുകളിലാണെങ്കിൽ ശക്തമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഈ മേഖലയിൽ, അസംസ്കൃത വസ്തുക്കളുടെ വില രണ്ടര വർഷമായി ചെറിയ തോതിലെ ഉയർന്നിട്ടുള്ളു എന്നത് ചെലവിലുള്ള സമ്മർദ്ദം കുറക്കുന്നതിന് വലിയ സഹായകമായി. കൂടാതെ അസംസ്‌കൃത വസ്തുക്കളിലെ പണപ്പെരുപ്പം 12 മാസത്തെ താഴ്ന്ന നിലയിലേക്കെത്തി. ഈ മേഖലയിൽ പുതിയ ഓർഡറുകൾ കൂടുതൽ ഉയർന്നു.

മത്സരാധിഷ്ഠിത വില നിർണയവും വില്പന വർധിപ്പിക്കുന്നതിന് ഒരു കാരണമായി. ശേഷിയിലുള്ള സമ്മർദ്ദം നേരിയ തോതിൽ തുടർന്നു. ഈ മേഖലയിലെ ജോലികളും ക്രമാനുഗതമായാണ് വളർന്നതെന്ന് സർവേയിൽ വ്യക്തമാക്കുന്നു.

അതേസമയം, ഉത്പാദനവും, സംയോജിത സേവനങ്ങളും അളക്കുന്ന എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക ഫെബ്രുവരിയിൽ 59 ആയി ഉയർന്നു. ശക്തമായ വിപുലീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഏകദേശം 400 സേവനമേഖലാ കമ്പനികളിൽ നിന്നും വിവര ശേഖരണം നടത്തി എസ് ആന്റ് പി ഗ്ലോബൽ സമാഹരിച്ചതാണ് എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ സർവീസസ് പിഎംഐ. ജിഡിപിയിലേക്കുള്ള സംഭാവനകളെ അടിസ്ഥാനത്തിൽ, കമ്പനിയുടെ മേഖലയേയും, ജീവനക്കാരുടെ തോതും അനുസരിച്ച് പാനൽ തരംതിരിച്ചിട്ടുണ്ട്. 2005 ഡിസംബർ മുതൽക്കാണ് വിവര ശേഖരണം ആരംഭിച്ചത്.