15 Jan 2026 7:29 PM IST
ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി 2026-ലേക്ക് കടക്കുമ്പോൾ ഗുരുതരമായ മന്ദഗതിയിൽ തുടരുകയാണ്. ഉപഭോക്താക്കളുടെ ഡിമാൻഡ് കുറഞ്ഞതും, വില ഉയർന്നതുമാണ് വിപണിയെ തളർത്തിയിരിക്കുന്നത്. ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നത്, ഫീച്ചർഫോൺ ഉപഭോക്താക്കൾ അപ്ഗ്രേഡ് ചെയ്യാത്തത് എന്നിവയും വിപണിയുടെ മന്ദഗതിക്ക് കാരണമാകുന്നു.
2025: വിലകൾ ഉയരുകയും വിൽപ്പന മന്ദഗതിയിലാവുകയും ചെയ്തു
IDC, Counterpoint Research എന്നിവയുടെ കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഷിപ്പ്‌മെന്റുകൾ ഏകദേശം 151–153 ദശലക്ഷം യൂണിറ്റുകൾ ആയിരുന്നു, 2025-ൽ നാലു വർഷം തുടർച്ചയായി വിൽപ്പനയിൽ കാര്യമായ വളർച്ച ഉണ്ടായില്ല. ഉപഭോക്താക്കൾ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നതും, ഫീച്ചർഫോൺ അപ്ഗ്രേഡ് ഒഴിവാക്കുന്നതും പ്രധാന കാരണം.
കയറ്റുമതി ഉയരുന്നു; ആപ്പിള്‍ മുന്നിൽ
വിപണി മന്ദഗതിയിലായിട്ടും, കയറ്റുമതിക്ക് വേണ്ടിയുള്ള സ്മാർട്ട്‌ഫോൺ നിർമ്മാണം വലിയ തോതിൽ ഉയർന്നു. 2025-ൽ കയറ്റുമതി 30 ബില്യൺ ഡോളറിലേക്ക് എത്തി. ഇതിൽ ഏകദേശം 22 ബില്യൺ ഡോളറിന്റെ ഐഫോൺ കയറ്റുമതിയോടെ ആപ്പിള്‍ മുന്നിൽ നിന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ കേന്ദ്ര സർക്കാറിന്റെ PLI പദ്ധതി പ്രവർത്തിച്ചിട്ടുണ്ട്.
ഡിസംബർ പാദത്തിൽ വിൽപ്പന ഇടിവ്
2025 ഡിസംബറിൽ വിൽപ്പനയിൽ 8–10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഷിപ്പ്‌മെന്റുകൾ 32–34 ദശലക്ഷം യൂണിറ്റുകളായി കുറഞ്ഞു, 2024 ഡിസംബറിൽ 36 ദശലക്ഷം യൂണിറ്റായിരുന്നു. വിദഗ്ധർ ഇത് ഉത്സവകാലത്തിന് ശേഷമുള്ള സാധാരണ ഇടിവിന് അപേക്ഷിച്ച് കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.
2026-ൽ പ്രതിസന്ധി കൂടുതൽ കടുപ്പം
മെമ്മറി ചിപ്പുകളുടെ വില കുത്തനെ ഉയരുന്നതിനാൽ 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വില വർധിച്ചേക്കും. ഇത് വിൽപ്പന കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. 2025-ൽ ശരാശരി വില 9–10 ശതമാനം ഉയർന്നു; 2026-ൽ വിലകൾ ഇനിയും ഉയരുമെങ്കിലും, വിപണിയുടെ മൊത്ത മൂല്യം കുറച്ച് വളരുമെന്നാണ് പ്രതീക്ഷ. 2026-ൽ ഹാർഡ്‌വെയറിനേക്കാൾ സോഫ്റ്റ്വെയറും AI ഫീച്ചറുകളും ഉപഭോക്തൃ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ പ്രധാന പാതിവഹിക്കും. പുതിയ അനുഭവങ്ങൾ നൽകാൻ കഴിയുന്ന ബ്രാൻഡുകൾക്ക് മാത്രമേ വിപണി വളർച്ച നേടാൻ സാധിക്കൂ.
പഠിക്കാം & സമ്പാദിക്കാം
Home
