image

1 Feb 2023 10:39 AM IST

News

ബ്രിട്ടണില്‍ പണപ്പെരുപ്പം രൂക്ഷം, പിരിച്ചുവിടല്‍ പെരുകുന്നു

MyFin Desk

tesco group in uk layoff
X

Summary

ആഗോള സാമ്പത്തിക മേഖലയില്‍ 2023 ആശങ്കാ മുന്നറിയിപ്പുമായി നില്‍ക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ കോര്‍പ്പറേറ്റ് ലോകം പലവിധ തന്ത്രങ്ങളൊരുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ബ്രിട്ടണില്‍ പണപ്പെരുപ്പം രൂക്ഷമാകുന്നുവെന്ന സൂചനയുമായി കൂടുതല്‍ കൂട്ടപ്പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. യുകെയിലെ റീട്ടെയില്‍ ഭീമനായ ടെസ്‌കോ 2,100 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ 1,750 പേരും മാനേജ്‌മെന്റ് തസ്തികകളില്‍ ഉള്ളവരാണ്. കമ്പനിയുടെ ഫാര്‍മസി ശൃംഖലയിലുള്ള 350 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുകെയില്‍ തന്നെ ഒട്ടേറെ യൂണിറ്റുകളുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പാണ് ടെസ്‌കോ.

ആഗോള സാമ്പത്തിക മേഖലയില്‍ 2023 ആശങ്കാ മുന്നറിയിപ്പുമായി നില്‍ക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ കോര്‍പ്പറേറ്റ് ലോകം പലവിധ തന്ത്രങ്ങളൊരുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്ക, യൂറോപ്പ്, ചൈന അടക്കം ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം ഏറെക്കാലമായി വലിയതോതിലുള്ള പണപ്പെരുപ്പ ഭീഷണി നേരിടുകയും അതിനെ വരുതിയിലാക്കാന്‍ പലിശ പലകുറി വര്‍ധിപ്പിക്കുകയും ചെയ്തതോടെ ആഗോളതലത്തില്‍ കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയായി.

ഇത് പല കമ്പനികളുടേയും വരുമാനത്തിലും പ്രവര്‍ത്തനത്തിലും നിഴലിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥാപനങ്ങള്‍ പിരിച്ചുവിടല്‍, റിക്രൂട്ട്മെന്റ് മരവിപ്പിക്കല്‍ അടക്കമുള്ള തന്ത്രങ്ങളിലേക്ക് പോകുന്നത്. ഇതിനിടയില്‍ ലോകബാങ്ക് ഉള്‍പ്പടെയുള്ളവരുടെ മാന്ദ്യ മുന്നറിയിപ്പാണ് കോര്‍പ്പറേറ്റ് കമ്പനികളെ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നയിച്ചത്.

2022-ല്‍ ആഗോള ടെക്ക് മേഖലയില്‍ മാത്രം 1.54 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെങ്കില്‍ ഈ വര്‍ഷം വിവിധ മേഖലകളിലെ കൂട്ടപ്പിരിച്ചുവിടല്‍ കടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും, വരും മാസങ്ങളില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായേക്കുമെന്ന് ഐഎംഎഫ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലും ശക്തമാകുന്നത്.

വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെലവ് മുന്‍പത്തെക്കാളും ഏറുകയും ചെയ്തതോടെ ആഗോള ടെക്ക് ഭീമന്മാരായ മെറ്റ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ മുതല്‍ കുറഞ്ഞ സമയം കൊണ്ട് ആഗോളതലത്തില്‍ ഖ്യാതി നേടിയ സ്പോട്ടിഫൈ പോലുള്ള കമ്പനികള്‍ പോലും ഇപ്പോള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്. ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് അറിയിച്ചതിന് പിന്നാലെ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണ്.