13 April 2024 1:10 PM IST
Summary
- മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ യുഎസ്സിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്
- ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ മുതിരരുതെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു
- മിക്കവാറും ഏപ്രില്‍ 14 ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണു കരുതുന്നത്
ഇസ്രയേലിന് ശക്തമായ തിരിച്ചടി ഇറാന്‍ നല്‍കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഘര്‍ഷഭീതിയിലാണു പശ്ചിമേഷ്യ.
ഏപ്രില്‍ 1-ന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിച്ചത്. എന്നാല്‍ എംബസി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഏതായാലും ഡമാസ്‌കസിലെ ആക്രമണം ഇറാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഏതു നിമിഷവും മിക്കവാറും ഏപ്രില്‍ 14 ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണു കരുതുന്നത്. ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഏപ്രില്‍ 12ന് പറഞ്ഞിരുന്നു.
ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ മുതിരരുതെന്ന് ബൈഡന്‍ പറഞ്ഞു. ആക്രമണം നടത്തിയാല്‍ ഇസ്രയേലിനൊപ്പം അമേരിക്ക അണിനിരക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്ന നിലയില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് യുഎസ് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചു.
മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ യുഎസ്സിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇറാനുമായി മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതടക്കമുള്ള ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്.
അതോടൊപ്പം സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അടിയന്തര ചര്‍ച്ചകള്‍ക്കായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ മൈക്കല്‍ കുറില്ലയെയും ബൈഡന്‍ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
