image

28 Feb 2026 4:07 PM IST

News

ഇറാന്‍ തിരിച്ചടിക്കുന്നു; ഇസ്രയേലിലും ഗള്‍ഫിലും ആക്രമണം

MyFin Desk

iran strikes back, with setbacks in israel and the gulf
X

Summary

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ബഹ്റൈന്‍, കുവൈറ്റ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്


പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക്. ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണമുണ്ടായതിന് പിന്നാലെ, ശക്തമായ പ്രത്യാക്രമണവുമായി ടെഹ്റാന്‍. ഇതോടെ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ബഹ്റൈന്‍, കുവൈറ്റ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഇതോടെ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ വിനാശ ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇത് ഗള്‍ഫ് മേഖലയിലാകെ അശാന്തി പരത്തും. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യമിടുന്ന ഇറാന്‍ സമ്മര്‍ദ്ദത്തിലായാല്‍ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിടാന്‍ മടിക്കില്ല. അത് കൂടുതല്‍ ഗുരുതരമായ സ്ഥിതി സംജാതമാക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടന പരമ്പര

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയിലെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ പരമാവധി അകന്നുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചുപൂട്ടി.

ഇസ്രയേലിലും ഇറാന്റെ മിസൈല്‍ മഴ; അതീവ സുരക്ഷാ നിര്‍ദ്ദേശം

ഇറാനെതിരായ ആക്രമണത്തിന് മറുപടിയായി ഇസ്രയേലിലും മിസൈലാക്രമണം നടന്നു. മിസൈലുകള്‍ക്ക് പുറമേ ഡ്രോണ്‍ ആക്രമണവും ഇറാന്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഇസ്രയേലിലെ ജനങ്ങള്‍ക്ക് അധികൃതര്‍ അതീവ സുരക്ഷാ നിര്‍ദ്ദേശം നല്‍കി. ഇസ്രയേല്‍ നഗരങ്ങളില്‍ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറിയതായും വാര്‍ത്തകളുണ്ട്.

മേഖലയില്‍ അതീവ ജാഗ്രത; വ്യോമപാതകള്‍ അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി

സംഘര്‍ഷം വ്യാപിച്ചതോടെ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളും സമാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. ഇറാന്റെ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈന്‍ ശക്തമായി അപലപിച്ചു.

ആഗോള വിപണിയില്‍ ആശങ്ക; എണ്ണവില കുതിച്ചുയരാന്‍ സാധ്യത

ഈ സംഘര്‍ഷം ആഗോള സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ഇസ്രയേല്‍ സഖ്യത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് ആഗോള സമൂഹം വലിയ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.