image

16 April 2024 6:41 AM GMT

News

തിരിച്ചടിക്കും; തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് ഇസ്രയേല്‍ സേന

MyFin Desk

തിരിച്ചടിക്കും; തീരുമാനത്തിന്   കാത്തിരിക്കുന്നുവെന്ന് ഇസ്രയേല്‍ സേന
X

Summary

  • തിങ്കളാഴ്ച നെതന്യാഹുവിന്റെ യുദ്ധമന്ത്രിസഭ കൂടിയത് രണ്ടുതവണ
  • ആക്രമണത്തിന് ഒരുങ്ങി ഇസ്രയേല്‍ സേനകള്‍
  • യുദ്ധം ഉണ്ടായാല്‍ ഇറാനെ വേദനിപ്പിച്ച് പിന്‍വാങ്ങുക ടെല്‍ അവീവിന്റെ ലക്ഷ്യം


ഇറാന്റെ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്നും പധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഇസ്രയേലിന്റെ സൈനിക മേധാവി പ്രസ്താവിച്ചു. അതേസമയം, ഇസ്രയേലില്‍ നിന്നുള്ള ഏത് ആക്രമണത്തിനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രതികരിക്കുമെന്നും ആവശ്യമെങ്കില്‍ 'മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍' വിന്യസിക്കുമെന്നും ഇറാനും പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

ഇസ്രയേലി സൈനിക മേധാവി ഹെര്‍സി ഹലേവി, രാജ്യം അതിന്റെ അടുത്ത ഘട്ടങ്ങള്‍ പരിഗണിക്കുകയാണെന്നും ഏപ്രില്‍ 13 ലെ ഇറാനിയന്‍ ആക്രമണത്തിന് തിരിച്ചടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.

ഏപ്രില്‍ 13 ന്, ഇറാന്‍ ആദ്യമായി അതിന്റെ പ്രധാന ശത്രുവായ ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തി. 300 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു അത്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ടെഹ്റാന്റെ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ 1 ന് നടന്ന വ്യോമാക്രമണത്തിന് മറുപടിയായാണ് ഈ ആക്രമണം നടന്നത്.

പശ്ചിമേഷ്യാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകവെ ഇറാന്റെ ആക്രമണത്തോടുള്ള പ്രതികരണത്തിന്റെ ഗതി തീരുമാനിക്കാന്‍ തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ യുദ്ധ മന്ത്രിസഭയെ രണ്ടുതവണ വിളിച്ചു ചേര്‍ത്തിരുന്നു.സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

യുഎസ് ഉന്നത ഉദ്യോഗസ്ഥനായ സ്റ്റീവ് സ്‌കാലീസുമായുള്ള സംഭാഷണത്തില്‍ ''ഇസ്രായേല്‍ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും'' എന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ''ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്'' രാജ്യം പ്രതികരിക്കുമെന്ന് കരസേനാ വക്താവ് ഡാനിയല്‍ ഹഗാരി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് അനുസരിച്ച്, യുദ്ധ കാബിനറ്റ് അതിന്റെ മീറ്റിംഗില്‍ നിരവധി ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്തതായി പറയുന്നു.ഇറാനെ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, എന്നാല്‍ ഒരു മുഴുവന്‍ യുദ്ധത്തിന് കാരണമാകാതെയുള്ള നടപടി ഇസ്രയേല്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലാ സാഹചര്യങ്ങള്‍ക്കും രാജ്യം സമഗ്രമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ആക്രമണമുണ്ടായാല്‍ 'മുമ്പ് ഉപയോഗിക്കാത്ത ആയുധങ്ങള്‍' വിന്യസിക്കാന്‍ തയ്യാറാണെന്നും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അബോള്‍ഫസല്‍ അമോയി പറഞ്ഞു.

സംഘര്‍ഷം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ ഇസ്രയേല്‍ രാജ്യാന്തര സമ്മര്‍ദ്ദത്തിലാണ്. വിശാലമായ നയതന്ത്ര പ്രതികരണം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ സംയമനം പാലിക്കണമെന്ന് യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു. 'ഇറാനുമായി ഒരു യുദ്ധം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു പ്രാദേശിക സംഘര്‍ഷം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്-അദേദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതിനുള്ള സമയപരിധിയെക്കുറിച്ചോ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചോ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍ ഇങ്ങനെയൊരു വാദം മുന്നോട്ടുവെച്ചിരുന്നു.''മേഖലയിലെ ഞങ്ങളുടെ സേനയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന്'' പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന് സ്ഥിതിഗതികള്‍ നന്നായി കൈകാര്യം ചെയ്യാനും മേഖലയിലെ കൂടുതല്‍ പ്രക്ഷുബ്ധത ഒഴിവാക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നതായി ചൈന പറഞ്ഞു. അതേസമയം റഷ്യ അവരുടെ സഖ്യകക്ഷിയായ ഇറാനെ പരസ്യമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുകയും സംയമനം പാലിക്കുകയും ചെയ്തു.

അതേസമയം, സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ചില അടിയന്തര നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ അധികൃതര്‍ എടുത്തുകളഞ്ഞു. അതില്‍ ചില സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും വലിയ ഒത്തുചേരലുകളുടെ പരിധിയും ഉള്‍പ്പെടുന്നു, രാജ്യം അതീവ ജാഗ്രതയിലാണ്.