image

9 Nov 2026 12:49 PM IST

News

IRCTC മുന്നറിയിപ്പ്; ഈ ആപ്പുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയതാല്‍ പണികിട്ടും!

MyFin Desk

irctc warning, you could get into trouble if you order food through these apps
X

Summary

അനധികൃത ഇ-കാറ്ററിംഗ് വെബ്‌സൈറ്റുകളും ആപ്പുകളും വഴി ഭക്ഷണം വാങ്ങുന്നത് നിങ്ങളുടെ ആരോഗ്യം മാത്രമല്ല, പിഎന്‍ആര്‍ വിവരങ്ങള്‍, ബാങ്ക് ഡീറ്റെയില്‍സ്, യുപിഐ പാസ്വേഡ് വരെ അപകടത്തിലാക്കുമെന്ന് കോര്‍പ്പറേഷന്‍ പറയുന്നു


ട്രെയിന്‍ യാത്രയില്‍ ഫോണെടുത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് നിര്‍ത്തൂ! ഐആര്‍സിടിസി ഒരു വന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അനധികൃത ഇ-കാറ്ററിംഗ് വെബ്‌സൈറ്റുകളും ആപ്പുകളും വഴി ഭക്ഷണം വാങ്ങുന്നത് നിങ്ങളുടെ ആരോഗ്യം മാത്രമല്ല, പിഎന്‍ആര്‍ വിവരങ്ങള്‍, ബാങ്ക് ഡീറ്റെയില്‍സ്, യുപിഐ പാസ്വേഡ് വരെ അപകടത്തിലാക്കുമെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. ഇതിനെതിരെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളം കര്‍ശന എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.

ഈ പ്ലാറ്റ്‌ഫോമുകള്‍ പലപ്പോഴും എഫ് എസ് എസ് എ ഐ ലൈസന്‍സില്ലാത്ത കടകളില്‍ നിന്നാണ് ഭക്ഷണം എടുക്കുന്നത്. അതുകൊണ്ട് ശുചിത്വമില്ല, ഗുണനിലവാരമില്ല, പരാതി പറയാന്‍ ഇടമില്ല. അമിത ചാര്‍ജ്, ഓര്‍ഡര്‍ ക്യാന്‍സല്‍ ആകുക, പണം തിരികെ കിട്ടാതിരിക്കുക - ഇതെല്ലാം യാത്രക്കാര്‍ നേരിടുന്നുണ്ട്. മുന്നറിയിപ്പ് മാത്രമല്ല, ഐആര്‍സിടിസി ഇപ്പോള്‍ നിയമനടപടിയിലേക്ക് കടന്നു. നേരത്തെ 14 ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് നല്‍കി, ക്രിമിനല്‍ പരാതികളും നല്‍കിയിട്ടുണ്ട്. ഐആര്‍സിടിസി യുടെ പേരും ബ്രാന്‍ഡും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ട്.

ഐആര്‍സിടിസി പുറത്തുവിട്ട അനധികൃത ലിസ്റ്റില്‍ ഉള്ളവയില്‍ ചിലത് ഇവയാണ്: RailRestro.com, RailRestro.in, RailMitra.com, TravelKhana.com, TrainsCafe.com, DIBRail.com, RailFood.net, eCatering.app തുടങ്ങിയവ. ഇവയിലൂടെ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനാകില്ലെന്നും, അമിത ചാര്‍ജ്, പണമടയ്ക്കല്‍ അപകടങ്ങള്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയ്ക്കും സാധ്യതയുണ്ടെന്നും ഐആര്‍സിടിസി യാത്രക്കാരെ അറിയിച്ചു.

എങ്കില്‍ എവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യണം? ഇത് മാത്രം ഓര്‍ക്കുക: 1) ecatering.irctc.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ്, 2) Food on Track എന്ന ഔദ്യോഗിക ആപ്പ്, 3) ഐആര്‍സിടിസി അംഗീകൃത അഗ്രഗേറ്റര്‍മാരും വെന്‍ഡറുകളും മാത്രം. അംഗീകൃത ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ട്രെയിനില്‍ അനധികൃത ഭക്ഷണ വിതരണം കണ്ടാല്‍ ഉടന്‍ ആര്‍പിഎഫ് ഹെല്‍പ്പ്ലൈന്‍ 182-ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുക. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നിങ്ങളുടെ ആരോഗ്യവും ഡാറ്റയും പണവും പണയം വെക്കരുതെന്നും ഐആര്‍സിടിസി മുന്നറിയിപ്പു നല്‍കുന്നു.