image

6 Sep 2023 8:43 AM GMT

News

നിലവിലെ പോളിസി അത്ര പോര? എങ്കില്‍ പോര്‍ട്ട് ചെയ്യാം

MyFin Desk

health insurance,Porting | health insurance policy | Health insurance portability
X

Summary

  • ഇപ്പോള്‍ പോളിസിയുള്ള കമ്പനിയുടെതന്നെ മെച്ചപ്പെട്ട പോളിസിയിലേക്കോ അല്ലെങ്കില്‍ മറ്റൊരു കമ്പനിയുടെ പോളിസിയിലേക്കോ മാറാം
  • ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) 2013 മുതല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്.


ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒട്ടുമിക്കവര്‍ക്കും തന്നെയുണ്ടാകും. എന്നാല്‍ ചികിത്സച്ചെലവുകള്‍ ദിനം പ്രതിയെന്നോണമാണ് വര്‍ധിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെങ്കില്‍പ്പോലും പോക്കറ്റില്‍നിന്നു വീണ്ടും പണം ചെലവാക്കേണ്ടതായി വരും. അപ്പോള്‍ മെച്ചപ്പെട്ട പോളിസിയിലേക്കു പോകേണ്ടതായി വരും. ആ പോളിസി ഒരു പക്ഷേ, മറ്റൊരു കമ്പനിയിലാകാം. അത് എടുക്കണമെങ്കില്‍ ഇതുവരെ എടുത്തതിന്റെ ആനുകൂല്യം നഷ്ടപ്പെടുകയില്ലേ എന്ന ചിന്ത പലരേയും അലട്ടുന്നുണ്ട്.

എന്നാല്‍ ആ ചിന്ത വേണ്ട. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ തന്നെ മെച്ചപ്പെട്ട പോളിസി എടുക്കാം. ഇപ്പോള്‍ പോളിസിയുള്ള കമ്പനിയുടെതന്നെ മെച്ചപ്പെട്ട പോളിസിയിലേക്കോ അല്ലെങ്കില്‍ മറ്റൊരു കമ്പനിയുടെ പോളിസിയിലേക്കോ മാറാം. പോര്‍ട്ടിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) 2013 മുതല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്.

പുതിയ പോളിസിയലേക്ക് മാറുമ്പോള്‍ ആശുപത്രി നെറ്റ് വര്‍ക്കിംഗ്, മികച്ച ക്ലെയിം സെറ്റില്‍മെന്റ് അനുപാതം, വിപണിയില്‍ ലഭ്യമായിട്ടുള്ള മറ്റുള്ള പോളിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം കൂടുതല്‍ ഉണ്ടോ എന്നിവയൊക്കെ ഉറപ്പാക്കുക. വ്യക്തിഗത ഇന്‍ഷുറന്‍സ്, ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍, ഗ്രൂപ്പ് ഇന്‍ഡെംനിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിങ്ങനെ എല്ലാത്തരം പോളിസികള്‍ക്കും പോര്‍ട്ടിംഗ് ബാധകമാണ്.

എങ്ങനെ പോര്‍ട്ട് ചെയ്യാം

പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചുവെങ്കില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയെ ഇക്കാര്യം അറിയിക്കണം. അതിനായി അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള പോളിസി പുതുക്കുന്നതിനു 45 ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന പോര്‍ട്ടബിലിറ്റി ഫോം, പ്രോപ്പോസല്‍ ഫോം എന്നിവയാണ് പോര്‍ട്ട് ചെയ്യാനുദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കേണ്ടത്. പോര്‍ട്ട് ചെയ്യാനായി സമീപിച്ച പുതിയ കമ്പനി പഴയകമ്പനിയില്‍ നിന്നും നിങ്ങളുടെ മെഡിക്കല്‍ റെക്കോഡുകള്‍ തുടങ്ങിയവ ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യും. പഴയ കമ്പനി ഈ വിവരങ്ങളെല്ലാം ഐആര്‍ഡിഎഐയ്ക്ക് കൈമാറും.

പ്രായം, പ്രീമിയം അടയ്ക്കുന്നതില്‍ വരുത്തിയ വീഴ്ച്ച, നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ നിരവധി ക്ലെയിമുകള്‍ നേടിയിട്ടുണ്ടോ എന്നീ കാരണങ്ങളാല്‍ പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷ തള്ളിക്കളയാം. അപേക്ഷ നല്‍കി 15 ദിവസത്തിനുള്ളില്‍ സ്വീകരിച്ചോ ഇല്ലയോ എന്ന് അറിയാം. തള്ളിക്കളഞ്ഞെങ്കില്‍ നിലവിലുള്ള പോളിസി പുതുക്കുകയോ, അല്ലെങ്കില്‍ ആവശ്യത്തിനുസരിച്ചുള്ള പുതിയ പോളിസി വാങ്ങുകയോ ചെയ്യാം.

പുതിയ ഇന്‍ഷുറന്‍സ് കമ്പനി പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷ അംഗീകരിച്ചാല്‍ പോര്‍ട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. അതില്‍ പുതിയ പോളിസി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഉണ്ടാകും. പോര്‍ട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ നിലവിലുള്ളതും പോര്‍ട്ട് ചെയ്യാനുദ്ദേശിക്കുന്നതുമായ പോളിസികളുടെ സം അഷ്വേഡ് തുക, പ്രീമിയം, ഉള്‍പ്പെടുന്ന കാര്യങ്ങള്‍, ഒഴിവാക്കുന്ന കാര്യങ്ങള്‍, നിബന്ധനകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം കൃത്യമായി താരതമ്യം ചെയ്യാന്‍ കഴിയും.