9 Jan 2024 12:04 PM IST
Summary
- എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനുവരി 9 ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്
- ലക്ഷദ്വീപിലെ ഇന്ത്യന്‍ ബീച്ചുകളുടെ ഫോട്ടോഗ്രാഫുകളും എംബസി എക്‌സില്‍ പങ്കുവച്ചു
- വിവാദത്തിനിടെ മാലദ്വീപിലേക്കുള്ള നിരവധി ഫ്‌ളൈറ്റ് സര്‍വീസുകള്‍ റദ്ദാക്കി
മാലദ്വീപ് വിഷയം കത്തിപ്പടരുന്നതിനിടെ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല്‍ രംഗത്ത്.
ലക്ഷദ്വീപില്‍ ഡീസാലിനേഷന്‍ (കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കല്‍) പദ്ധതി ആരംഭിക്കുമെന്ന് ഇസ്രയേല്‍ എംബസി അറിയിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനുവരി 9 ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
' ഡീസാലിനേഷന്‍ പരിപാടി ആരംഭിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് ' എക്‌സില്‍ കുറിച്ചു.
ലക്ഷദ്വീപിലെ ഇന്ത്യന്‍ ബീച്ചുകളുടെ ഫോട്ടോഗ്രാഫുകളും എംബസി എക്‌സില്‍ പങ്കുവച്ചു. 'ലക്ഷദ്വീപിന്റെ അതിമനോഹരവും ഗംഭീരവുമായ വെള്ളത്തിനടിയിലുള്ള സൗന്ദര്യത്തിന് ഇനിയും സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവര്‍ക്കായി ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതായും, ഈ ദ്വീപിന്റെ ആകര്‍ഷകമായ സൗന്ദര്യം വെളിപ്പെടുത്തുന്ന കുറച്ച് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണെന്നും എംബസി എക്‌സില്‍ കുറിച്ചു.
മാലദ്വീപിലെ 3 മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശമാണു മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
ജനുവരി ആദ്യ ആഴ്ചയില്‍ മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ ചെലവഴിച്ച ചിത്രങ്ങള്‍ അദ്ദേഹം നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു മാലദ്വീപ് മന്ത്രിമാര്‍ പരാമര്‍ശം നടത്തിയത്.
വിവാദത്തിനിടെ മാലദ്വീപിലേക്കുള്ള നിരവധി ഫ്‌ളൈറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പകരം ലക്ഷദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ക്യാംപെയ്‌നുകളും ഇന്ത്യയിലെ വിവിധ ടൂര്‍ കമ്പനികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഈസ് മൈ ട്രിപ്പ് എന്ന കമ്പനി മാലദ്വീപിലേക്കുള്ള ബുക്കിംഗുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
