27 March 2024 1:17 PM IST
Summary
- ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാതകളിലൊന്നാണ് പശ്ചിമേഷ്യാ പ്രതിസന്ധി മൂലം തടസം നേരിടുന്നത്
- നിലവിലെ സാഹചര്യത്തില്‍ സംഘര്‍ഷം നീണ്ടുപോകാന്‍ സാധ്യതയേറെയാണ്
- ഹമാസിന് സമാധാനത്തിന് താല്‍പ്പര്യമില്ലെന്നും ഇസ്രയേല്‍
പശ്ചിമേഷ്യയിലെ സമാധാന കരാര്‍ നീക്കങ്ങള്‍ അവസാനിക്കുന്നു. ഹമാസിന്റെ കടുത്ത നിലപാടിനെത്തുടര്‍ന്ന് ഇസ്രയേല്‍ തങ്ങളുടെ പ്രതിനിധികളെ ദോഹയില്‍ നിന്ന് തിരിച്ചുവിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റമദാനില്‍ യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹമാസിന്റെ ഗാസ നേതാവ് യഹ്യ സിന്‍വാര്‍ നയതന്ത്രനീക്കങ്ങള്‍ അട്ടിമറിച്ചതായി ഇസ്രയേല്‍ ആരോപിക്കുന്നു.
ഇതോടെ കടല്‍വഴിയുള്ള ചരക്ക് ഗതാഗതം ദക്ഷിണാഫ്രിക്കചുറ്റിപ്പോകുന്ന അവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകില്ലെന്ന് വ്യക്തമായി. ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ചരക്കുകപ്പലുകളാണ് ഇന്ന് പ്രതിസന്ധി നേരിടുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാതകളിലൊന്നാണ് പശ്ചിമേഷ്യാ പ്രതിസന്ധി മൂലം തടസം നേരിടുന്നത്. ഹമാസിനു പിന്തുണ നല്‍കാനായി യെമനിലെ ഹൂതിവിമതരാണ് മേഖലയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്കു നേരേ ആക്രമണം നടത്തുന്നത്.
ഗാസയില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന 130 ബന്ദികളില്‍ 40 പേരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആറാഴ്ചത്തേക്ക് ആക്രമണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ചര്‍ച്ചകള്‍ ശക്തമാക്കിയിരുന്നു.
എന്നാല്‍ യുഎന്‍ പ്രമേയം ഗാസയില്‍ എത്രയും വേഗം ഗാസയില്‍വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ പിന്‍ബലത്തില്‍ മേഖലയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് ഹമാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു.
ഏതാണ്ട് ആറുമാസം നീണ്ടുനിന്ന യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഗാസ സിറ്റിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും തെക്കോട്ട് പലായനം ചെയ്ത ലക്ഷക്കണക്കിന് പാലസ്തീനികളെ തിരികെയെത്താന്‍ അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
വിട്ടയക്കുന്ന പാലസ്തീനികളുടെ എണ്ണം ഇരട്ടിയാക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചിരുന്നു. പാലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമ്പോള്‍ എല്ലാ സാധ്യതകളും അടയുകയാണ്.
പാലസ്തീന്‍ ഒരു സമാധാന കരാറിന് താല്‍പ്പെര്യപ്പെടുന്നില്ലെന്നാണ് ഹമാസിന്റെ സമീപനം വ്യക്തമാക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയും ഇറക്കിയിരുന്നു.
ഗാസയില്‍ ഭക്ഷണം, മരുന്ന്, ആശുപത്രി പരിചരണം എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അതിനുള്ള ധാരണകള്‍ക്കായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
യുദ്ധം നീണ്ടുപോകുന്നത് ആഗോള എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും. മേഖലയില്‍ മറ്റു രാജ്യങ്ങള്‍ പാലസ്തീനു പിന്തുണ പ്രഖ്യാപിക്കുകയോ ഹമാസിനെ പിന്തുണക്കാന്‍ ഇറങ്ങുകയോ ചെയ്താല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ അത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. അത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് എല്ലാതലങ്ങളിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
