image

28 Sept 2025 9:01 AM IST

News

തീരാനോവായി കരൂര്‍; മരണസംഖ്യ ഉയര്‍ന്നു

MyFin Desk

karur, death toll rises as death toll rises
X

Summary

റാലി നടന്ന കരൂരിലെ വേലുച്ചാമിപുരത്തേക്കുള്ള ആളൊഴുക്ക് നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കോ പോലീസിനോ സാധിച്ചില്ല


തീരാനോവായി കരൂരിലെ വേലുച്ചാമിപുരം. ചലച്ചിത്ര താരം വിജയ് യുടെ പാര്‍ട്ടിയായ ടിവികെ കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ സംഖ്യ 39 ആയി ഉയര്‍ന്നു. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110-ല്‍ അധികം പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ നിരവധിപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മരിച്ചവരില്‍ കൂടുതലും കരൂര്‍ സ്വദേശികള്‍ തന്നെയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അനുശോചനം രേഖപ്പെടുത്തി.

റാലി നടന്ന കരൂര്‍ വേലുച്ചാമിപുരത്തേക്കുള്ള ആളൊഴുക്ക് നിയന്ത്രണാതീതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം പേരുടെ റാലിക്കാണ് നടന്റെ പാര്‍ട്ടിയായ ടിവികെ അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ ഇവിടേക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ക്കോ പാര്‍ട്ടിക്കോ കഴിഞ്ഞിരുന്നില്ല. റാലിയേക്കാളുപരി താരത്തെ നേരില്‍ കാണുന്നതിന്് റാലിസ്ഥലങ്ങളില്‍ ജനക്കൂട്ടം സംഘടിച്ചെത്തുന്നത് പതിവായിരുന്നു.

വിജയ് സംഘടിപ്പിക്കുന്ന റാലികളിലെ തിരക്ക് സംബന്ധിച്ച് മുന്‍പ് കോടതിതന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മഹാദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രമുഖരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. അതിനിടെ നടന്‍ വിജയിനെതിരെ നടപടിവേണമെന്നും ആവശ്യമുയരുന്നു.

റാലിക്കിടെ ദുരന്തമുണ്ടായതിനെത്തുടര്‍ന്ന് വിജയ് രാത്രി തന്നെ ചെന്നൈക്ക് മടങ്ങിയിരുന്നു. പ്രതിഷേധം ഭയന്ന് താരത്തിന്റെ വീടിനുള്ള സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പിന്നീട് സമൂഹമാധ്യമം വഴി വിജയ് സംഭവത്തെപ്പറ്റി പ്രതികരിച്ചു. ഹൃദയം നുറുങ്ങിയതായും കരൂരില്‍ ജിവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖരെല്ലാം ദുരന്തത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. പുലര്‍ച്ചയോടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കരൂരിലെത്തി. മരിച്ചവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.