image

11 March 2022 10:55 AM IST

News

'കിഫ്ബി'ച്ചിറകിൽ വിരിയുന്ന വികസനം

MyFin Bureau

കിഫ്ബിച്ചിറകിൽ വിരിയുന്ന വികസനം
X

Summary

സംസ്ഥാനം വൻകിട വികസനപ്രവർത്തനങ്ങൾക്കായി കിഫ്ബിയെ തന്നെ വീണ്ടും ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായി രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാമത്തെ ബജറ്റ്. സ്വപ്ന പദ്ധതിയായ കെ റെയിലിന് സ്ഥലം ഏറ്റെടുക്കാൻ 2000 കോടി ഉൾപ്പടെ 7500 ഓളം കോടിയുടെ പുതിയ പദ്ധതികളാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പുതിയബജറ്റിൽ കിഫ്ബി ഫണ്ടിനെ മാത്രം ആശ്രയിച്ച് പ്രഖ്യാപിച്ചത് . മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ പാത പിന്തുടർന്ന് കിഫ്ബിയെ തന്നെയാണ് സർക്കാരിൻറെ വൻകിട വികസനപദ്ധതികൾക്കുള്ള സാമ്പത്തിക സ്രോതസ്സായി നിലവിലെ ധനമന്ത്രിയും ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തും […]


സംസ്ഥാനം വൻകിട വികസനപ്രവർത്തനങ്ങൾക്കായി കിഫ്ബിയെ തന്നെ വീണ്ടും ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായി രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാമത്തെ ബജറ്റ്. സ്വപ്ന പദ്ധതിയായ കെ റെയിലിന് സ്ഥലം ഏറ്റെടുക്കാൻ 2000 കോടി ഉൾപ്പടെ 7500 ഓളം കോടിയുടെ പുതിയ പദ്ധതികളാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പുതിയബജറ്റിൽ കിഫ്ബി ഫണ്ടിനെ മാത്രം ആശ്രയിച്ച് പ്രഖ്യാപിച്ചത് .

മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ പാത പിന്തുടർന്ന് കിഫ്ബിയെ തന്നെയാണ് സർക്കാരിൻറെ വൻകിട വികസനപദ്ധതികൾക്കുള്ള സാമ്പത്തിക സ്രോതസ്സായി നിലവിലെ ധനമന്ത്രിയും ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തും ഐടി വികസനവും സർക്കാരിൻറെ പ്രധാന വികസന പദ്ധതിയായ കെ റെയിലുമെല്ലാം കിഫ്ബിയുടെ ചിലവിലാണ് ചിറക് വിരിക്കുന്നത്. മൂലധന നിക്ഷേപം ഉയർത്തി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയെന്നത് ലക്ഷ്യമിട്ടാണ് കിഫ്ബിയെ സർക്കാർ ഉപയോഗിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.

70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 50,762.05 കോടി രൂപയും അടിസ്ഥാന സൌകര്യ വികസനത്തിനായിരുന്നു. ഭൂമി ഏറ്റെടുക്കൽ പൂൾ ഉൾപ്പടെ 7 പദ്ധതികളിലായി 20,000 കോടി രൂപയും കിഫ്ബി അനുവദിച്ചു. 17,052.89 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

കടുത്ത പ്രതിഷേധത്തിനിടെയും കെ റെയിലിന് ബജറ്റിൽ വിഹിതം ഉൾപ്പെടുത്തിയെന്നത് കെ എൻ ബാലഗോപാലിൻറെ ആദ്യ സമ്പൂർണ ബജറ്റിൻറെ സവിശേഷതയായി. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സ്ഥലമേറ്റെടുക്കാനായി 2000 കോടി രൂപയാണ് വകയിരുത്തിയത്. ഈ തുക കിഫ്ബിയിൽ നിന്നാണ് സർക്കാർ വാങ്ങുന്നത്.

സർവ്വകലാശാലകളിൽ സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെൻററുകൾ ആരംഭിക്കുന്നതിന് 200 കോടി രൂപയും, ഇൻറർനാഷണൽ ഹോസ്റ്റൽ സൌകര്യങ്ങൾ ഒരുക്കുന്നതിന് 100 കോടി രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കിൽ കോഴ്സുകൾ ആരംഭിക്കാൻ 140 കോടി രൂപയും കിഫ്ബി നൽകും. കെ ഡിസ്കുമായി ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതി എല്ലാ നിയോജക മണ്ഡലത്തിലും ഓരോ സ്ഥാപനത്തിലാണ് നടപ്പാക്കുക.

ഭാവി സംരംഭകർക്ക് യൂണിറ്റുകൾ ആരംഭിക്കാൻ ഡിസ്ട്രിക്ക് സ്കിൽ പാർക്കുകൾ തുടങ്ങാനായി 350 കോടിയും നോളജ് സിറ്റി പാർക്കിന് സ്ഥലം ഏറ്റെടുകുന്നതിനുള്ള പണവും കിഫ്ബിയിൽ നിന്നാണ് എടുക്കുന്നത്. തിരുവനന്തപുരത്ത് മെഡിക്കൽ ടെക്ക് ഇന്നൊവേഷൻ പാർക്ക് ആരംഭിക്കാൻ 100 കോടിയും കിഫ്ബി നൽകും. ഐടി വ്യവസായത്തിൻറെ വികസനത്തിനുള്ള ഫണ്ടും കിഫ്ബിയെ ആശ്രയിച്ചാണ് സർക്കാർ കണ്ടെത്തുന്നത്.

ടെക്നോപാർക്ക്, ഇൻഫോപാർക്ക്,ടെക്ക്നോസിറ്റി എന്നിവയുടെ വിപുലീകരണത്തിന് 100 കോടി രൂപയും കൊല്ലത്തും കണ്ണൂരിലും പുതുതായി ആരംഭിക്കുന്ന ഐടി പാർക്കുകൾക്കായി സ്ഥലം ഏറ്റെടുക്കാനായി 1000 കോടി രൂപയും കിഫ്ബി നൽകും. സ്വകാര്യനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകളുടെ നിർമാണത്തിനായി കോർപസ് ഫണ്ടായി 200 കോടി രൂപ, അഗ്രികൾച്ചർ പാർക്കുകൾക്കായി 175 കോടി രൂപ എന്നിവയും കിഫ്ബി വഴിയാണ്. തലസ്ഥാന നഗരത്തിലെ ഔട്ടർ റിങ് റോഡ് നിർമിക്കാനായി 1000 കോടി രൂപയും ഗതാഗതകുരുക്കുള്ള പ്രധാന ജംഗ്ഷനുകളുടെ വികസനത്തിനായി സ്ഥലമെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയും ആറ് പ്രധാനനഗരങ്ങളിൽ ആറ് ബൈപ്പാസുകൾ നിർമിക്കാനായി മറ്റൊരു 200 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ തിരുവനന്തപുരം - അങ്കമാലി, കൊല്ലം - ചെങ്കോട്ട ദേശിയ പാത വികസനത്തിനായി 1500 കോടി രൂപയും കിഫ്ബി നൽകും.

ഇതിന് പുറമെ ആനക്കാംപൊയിൽ - കല്ലടി-മേപ്പാടി ടണൽ റോഡ് പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൊച്ചി ബംഗ്ലൂരു വ്യവസായ ഇടനാഴി വികസനത്തിൻറെ ഭാഗമായി പാലക്കാട് കിൻഫ്രയിൽ 1351 ഏക്കറിൽ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് ക്ലസ്റ്റർ ഏറ്റെടുക്കാനും അങ്കമാലി ഗിഫ്റ്റ് സിറ്റിയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ പലിശയോടുകൂടിയുള്ള വായ്പയുും കിഫ്ബി അനുവദിക്കും.

കാസർകോട്ടെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കാരോട് വരെയുള്ള ദേശിയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി അനുവദിച്ച 6769 കോടി രൂപയിലെ 5311 കോടി രൂപയും ദേശിയ പാത വികസന അതോറിറ്റിക്ക് കിഫ്ബി കൈമാറിയതായും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.