image

15 March 2026 5:15 PM IST

News

കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏപ്രില്‍ 9ന്, മെയ് 4ന് വോട്ടെണ്ണല്‍

MyFin Desk

കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ്  ഏപ്രില്‍ 9ന്, മെയ് 4ന് വോട്ടെണ്ണല്‍
X

Summary

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം മാര്‍ച്ച് 16-ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തൊട്ടടുത്ത ദിവസം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും


കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. കേരളത്തിന് പുറമെ ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 9-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 നും പശ്ചിമബംഗാളില്‍ ഏപ്രില്‍ 23, 29 എന്നീ തീയതികളിലുമാണ് വോട്ടെടുപ്പ് നടക്കുക.മെയ് 4-നാണ് നാടിന്റെ ഭരണാധികാരികള്‍ ആരെന്നറിയുന്ന വോട്ടെണ്ണല്‍ ദിനം. ഈ നിയമസഭകളുടെ കാലാവധി മെയ്, ജൂണ്‍ മാസങ്ങളിലെ വ്യത്യസ്ത തീയതികളിലാണ് അവസാനിക്കുക.

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം മാര്‍ച്ച് 16-ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തൊട്ടടുത്ത ദിവസം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാവുന്നതാണ്.

കേരളത്തില്‍ ഇത്തവണ 2.70 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ഇതില്‍ 4.24 ലക്ഷം പേര്‍ കന്നി വോട്ടര്‍മാരാണെന്നത് ശ്രദ്ധേയമാണ്. പുതിയ വോട്ടര്‍മാരുടെ ആവേശത്തിനൊപ്പം തന്നെ 100 വയസ്സ് പിന്നിട്ട 1571 വോട്ടര്‍മാരും ഇത്തവണ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകും. സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കുക. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഓരോ ബൂത്തിലും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമാക്കാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ക്രമക്കേടുകള്‍ തടയാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ആര്‍ക്കും വോട്ടവകാശം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍. അര്‍ഹതയില്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടുന്നത് തടയാനും കര്‍ശന നിരീക്ഷണമുണ്ടാകും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ കേരളം സന്ദര്‍ശിച്ചിരുന്നു.

ജനാധിപത്യം കരുത്തുറ്റതാക്കാന്‍ യുവജനങ്ങള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. ആവേശകരമായ പ്രചാരണ ദിനങ്ങളിലേക്ക് കേരളം കടക്കുമ്പോള്‍, തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വോട്ടര്‍മാര്‍.