13 Sept 2023 1:45 PM IST
Summary
- ഏഴു ഗ്രാമ പഞ്ചായത്തുകളെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
- പൊതുജനങ്ങൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പോവുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
- വാഹന ഗതാഗതത്തിനു നിയന്ത്രണം
കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലും വടകരയിലും നിപ്പ ബാധിച്ച് രണ്ട് പേര് മരിക്കുകയും രണ്ടു പേർക്ക് രോഗം ബാധിക്കുകയും ചെയ്തതിന് പിന്നാലെ രോഗം തടയാൻ കേരള സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു.സ്ഥലത്തെ സ്ഥിതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു.
ചികിത്സയിൽ കഴിയുന്ന 2 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നവരുടെ എണ്ണം 300 ആയി. രണ്ടു ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 9 പേർ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
ഇതിനിടെ നിപ്പ ലക്ഷണങ്ങളുമായി തിരുവനതപുരം ഡെന്റൽ മെഡിക്കൽ കോളേജിലെ ഒരു വിദ്യാർത്ഥിയെ അവിടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതോടെ തലസ്ഥാനവും നിപ്പ പേടിയിലായി
കണ്ണൂർ, വയനാട് , മലപ്പുറം എന്നീ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകി.
രോഗത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം ഏഴു ഗ്രാമ പഞ്ചായത്തുകളെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു ആറ്റാഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്ല്യാപ്പള്ളി, കാവിലും പാറ എന്നീ പഞ്ചായത്തുകളിൽ താഴെ പറയുന്ന വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചെന്ന കോഴിക്കോട് കലക്ടർ എ ഗീത ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 1,2, 3 ,4 ,5 ,12 ,13 , 14 ,15
മരുതോങ്കര ഗ്രാമ പഞ്ചായത്ത് 1 , 2 ,3,4, 5 ,12,13,14
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 1 ,2,20
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 3, 4,5,6 ,7 ,8 ,9 ,10
കായക്കൊടിഗ്രാമപഞ്ചായത്ത് - 5,6 ,7, 8, 9
വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് - 6 ,7
കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2 ,10,11,12 ,13 ,14 ,15 ,16
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കണ്ടൈൻമെന്റ് സോണിലേക്കോ പുറത്തേക്കോ പോകരുതെന്ന് കലക്ടർ അറിയിച്ച. ഈ പ്രദേശങ്ങളിൽ പോലീസ് വലയത്തിൽ ആയിരിക്കും..
അവശ്യ വസ്തുക്കളും മെഡിക്കൽ സാമഗ്രികളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാൻ അനുവദിക്കും. ഫാർമസികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ പരിധി ഇല്ല. ബാങ്കുകൾ, മറ്റു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കാൻ പാടുള്ളതല്ല. പൊതുജനങ്ങൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പോവുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടൈൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ഉള്ള വാർഡുകളിൽ പൊതു പ്രവേശനം ഉള്ള റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടില്ല. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസറും ജില്ലാ ട്രാൻസ്‌പോർട് ഓഫീസറും നൽകേണ്ടതാണ്.
കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിപ സമ്പർക്കത്തിൽ പെട്ടവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുട്ടെങ്കിലും ഭയപ്പെടാനില്ലെന്നു കളക്ടർ പറഞ്ഞു. സമ്പർക്ക പട്ടികയിൽ പെട്ട മുഴുവൻ പേരെയും ഐസൊലേറ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിപ പ്രതിരോധത്തിന് കേന്ദ്രസംഘത്തിന്റെ സഹായവും ലഭിക്കും
പഠിക്കാം & സമ്പാദിക്കാം
Home
