image

27 Jan 2024 10:18 AM GMT

Kerala

ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്രം: തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റേത്

MyFin Desk

The decision of the Center to provide Z Plus security to the Governor rests with the Ministry of Home Affairs
X

Summary

  • 55 അംഗ സുരക്ഷാ സേനയായിരിക്കും ഇനി ഗവര്‍ണറുടെ സുരക്ഷ വഹിക്കുന്നത്
  • സിആര്‍പിഎഫ് കമാന്‍ഡോകളടക്കം അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ഗവര്‍ണര്‍ക്ക് അകമ്പടിയായി ഉണ്ടാകും
  • ഇസഡ് പ്ലസ് കേരളത്തില്‍ ഇതുവരെ ലഭിച്ചിരുന്നത് മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു


കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന സുരക്ഷയായ ഇസഡ് പ്ലസ് കേരളത്തില്‍ ഇതുവരെ ലഭിച്ചിരുന്നത് മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു.

സെഡ് പ്ലസ് സുരക്ഷയാക്കാന്‍ തീരുമാനിച്ചതോടെ 55 അംഗ സുരക്ഷാ സേനയായിരിക്കും ഇനി ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച ചുമതല വഹിക്കുന്നത്. ഇന്നു മുതല്‍ ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കും.

സിആര്‍പിഎഫ് കമാന്‍ഡോകളടക്കം അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ഗവര്‍ണര്‍ക്ക് അകമ്പടിയായി ഉണ്ടാകും.കേരള പൊലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണു സൂചന.

കൊല്ലത്ത് ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു.

ഇതിനു പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവര്‍ണറുമായി ഫോണില്‍ ബന്ധപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലത്തെ നിലമേലിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം നടന്നത്. പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നു കാറില്‍ നിന്നിറങ്ങി റോഡില്‍ കസേരയിട്ട് ഇരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ചത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി വന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടായത്.