20 Feb 2026 8:56 PM IST
IT Policy 2026-രാജ്യത്തെ ഐടി കയറ്റുമതിയില്‍ 10% ലക്ഷ്യം; 5 ലക്ഷം തൊഴില്‍ അവസരങ്ങള്‍, ഐടി നയത്തിന് അംഗീകാരം
Vidhya N k
കേരളത്തിൻ്റെ 2026 ഐടി നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്തെ മൊത്തം ഐടി കയറ്റുമതിയില്‍ കുറഞ്ഞത് 10 ശതമാനം വിഹിതം നേടുകയാണ് പ്രധാന ലക്ഷ്യം. വികേന്ദ്രീകൃത വളര്‍ച്ചയിലൂടെ സംസ്ഥാനത്തെ ഐടി വ്യവസായങ്ങള്‍ക്ക് ലഭ്യമായ സ്ഥലപരിധി മൂന്നിരട്ടിയാക്കാനും നയം ലക്ഷ്യമിടുന്നു.
5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യം
ഐടി, ഐടിഇഎസ്, ഇലക്ട്രോണിക്‌സ്, ഹൈടെക് മേഖലകളില്‍ കുറഞ്ഞത് 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. ബഹിരാകാശം, പ്രതിരോധം, നിര്‍മിത ബുദ്ധി (എഐ), ക്വാണ്ടം കംപ്യൂട്ടിംഗ്, ജീനോമിക്‌സ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 5-10 ശതമാനം വിഹിതം കേരളം സ്വന്തമാക്കുകയെന്നതും ലക്ഷ്യങ്ങളില്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്താനും നയം നിര്‍ദേശിക്കുന്നു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം
സംസ്ഥാനത്തെ എല്ലാ വീടുകളിലും 100 ശതമാനം ഫൈബര്‍ ഓപ്റ്റിക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റര്‍ഫേസ് ഒരുക്കുകയും പ്രവചനാത്മകവും നിര്‍ദ്ദേശാത്മകവുമായ ഭരണസേവനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. ഡാറ്റയും പുതിയ സാങ്കേതികവിദ്യകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ ചട്ടക്കൂട് രൂപീകരിക്കുകയും സമഗ്ര സൈബര്‍ സുരക്ഷാ നിയമം കൊണ്ടുവരുകയും ചെയ്യുമെന്ന് നയം വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം
ഐടി മേഖലയില്‍ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം എന്നിവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. 1 മുതല്‍ 10 വരെ ക്ലാസുകള്‍ക്കായി പുതിയ ഐസിടി പാഠപുസ്തകങ്ങള്‍ വികസിപ്പിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ പരിശീലനം നല്‍കാനും നയം ശുപാര്‍ശ ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
