image

30 Nov 2023 2:30 PM GMT

News

ഉത്സവ സീസണില്‍ പ്രതീക്ഷയർപ്പിച്ച് കേരള ഖാദി; ദുബായിൽ പ്രദർശനം

MyFin Desk

kerala khadi clothes for abroad
X

Summary

  • കേരള ഖാദി വസ്ത്രങ്ങളുടെ വില്പനയ്ക്ക് ദുബായ് വേദിയാകും
  • ഫ്‌ളിപ്കാര്‍ട്ടുമായി സഹകരിച്ച് ഓണ്‍ലൈന്‍ വില്‍പന
  • ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പന ലക്‌ഷ്യം


കേരള ഖാദിയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശത്ത് ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്ക് വേദി ഒരുങ്ങിയതായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. ദുബായ് കേന്ദ്രീകരിച്ചുള്ള മലയാളി സംഘടനയുടെ നേതൃത്വത്തില്‍ വില്‍പ്പന നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലെ ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മയായ ഓര്‍മ്മ-ഓവര്‍സീസ് മലയാളി അസോസിയേഷന്‍-എന്ന സംഘടന ഡിസംബര്‍ 2, 3 തീയതികളില്‍ അല്‍ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലാണ് ഖാദി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. തുടക്കം എന്ന നിലയില്‍ ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, ഒറ്റമുണ്ടുകള്‍, തോര്‍ത്ത്, കുപ്പടം സാരികള്‍, കോട്ടണ്‍ സാരികള്‍, കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവയാണ് ദുബായിലേക്ക് കയറ്റി അയച്ചത്. രണ്ടുദിവസത്തെ കേരളോത്സവത്തില്‍ 20000 ത്തിലധികം മലയാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ 3ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേരളോത്സവ നഗരി സന്ദര്‍ശിച്ച് സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഖാദി ബോര്‍ഡിന്റെ നെറ്റ്വര്‍ക്ക് ശൃംഖലയായ ഖാദി ലവേഴ്‌സ് കൂട്ടായ്മയില്‍ വിദേശ മലയാളികള്‍ കൂടി പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓര്‍മ്മ എന്ന സംഘടന ഖാദി വസ്ത്രങ്ങളുടെ വ്യാപാരത്തിന് താല്പര്യമെടുത്തത്. ഓര്‍മ്മ കൂട്ടായ്മയുടെ രക്ഷാധികാരി എന്‍.കെ. കുഞ്ഞഹമ്മദ്, പ്രസിഡന്റ് ഷിജു ബഷീര്‍, സെക്രട്ടറി പ്രദീപ് തോപ്പില്‍, ഖാദി ലവേഴ്‌സ് നെറ്റ് വര്‍ക്ക് കോ-ഓഡിനേഷന്‍ ചുമതല നിര്‍വഹിച്ച എം. പി. മുരളി എന്നിവരാണ് ഖാദി വസ്ത്രങ്ങള്‍ക്ക് വിദേശത്ത് ഒരു വ്യാപാര ശൃംഖല സൃഷ്ടിക്കുവാന്‍ മുന്‍കൈയെടുത്തത്.

ഇതേ മാതൃകയില്‍ മറ്റ് വിദേശ രാജ്യങ്ങളിലെ മലയാളികളും ഖാദി ലവേഴ്‌സ് കൂട്ടായ്മയില്‍ പങ്കാളികളാകണമെന്ന് പി.ജയരാജന്‍ അഭ്യര്‍ഥിച്ചു. ഖാദി വസ്ത്രങ്ങള്‍ വിദേശത്തും മലയാളി സമൂഹം ഏറ്റെടുത്താല്‍ തൊഴിലാളികള്‍ക്ക് അത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടിലും, ഖാദി ലവേഴ്‌സ് നെറ്റ് വര്‍ക്ക് വഴിയും ഓണ്‍ലൈന്‍ വില്‍പനയുമുണ്ട്. കേരള ഖാദി എന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ സെര്‍ച്ച് ചെയ്താല്‍ നമ്മുടെ ഖാദി വസ്ത്രങ്ങള്‍ ലഭ്യമാകും.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഖാദി വസ്ത്രങ്ങളുടെ കിറ്റ് വില്‍പനയും നിലയ്ക്കലില്‍ ആരംഭിച്ചു. ഇരുമുടി, വലുതും ചെറുതുമായ സഞ്ചികള്‍, കറുത്ത മുണ്ട്, തോര്‍ത്ത് എന്നിവ അടങ്ങിയതാണ് കിറ്റ്. ഇതുകൂടാതെ ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും തീര്‍ത്ഥാടകര്‍ക്ക് കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യവും നിലയ്ക്കലില്‍ ഒരുക്കിയിട്ടുണ്ട്. ഖാദിയുടെ എല്ലാ സ്റ്റാളുകളിലും ശബരിമല കിറ്റ് ലഭിക്കും.

ഖാദി മേഖല മുന്നേറ്റത്തിന്റെ പുതിയ പാതയിലാണ് സഞ്ചരിക്കുന്നത്. ഉല്പാദനം വര്‍ധിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നു. ഇതിനകം 40 കോടി രൂപയുടെ വില്‍പന നടന്നു. ക്രിസ്മസ്-പുതുവത്സര സീസണില്‍ നല്ല വില്‍പന പ്രതീക്ഷിക്കുന്നു. റിബേറ്റ് വില്‍പന ഡിസംബര്‍ 13 മുതല്‍ ജനുവരെ 6 വരെയാണ്. ഫെബ്രുവരിയിലും 30 ശതമാനം സബ്‌സിഡിയോടെ ഖാദി വസ്ത്രങ്ങള്‍ ലഭിക്കും. മികച്ച വില്‍പനയിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എല്ലാവരില്‍ നിന്ന് ഖാദി തൊഴിലാളികളെ പ്രോത്സാഹിക്കുന്ന സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള 6000 തൊഴിലാളികള്‍ ഉള്‍പ്പെടെ 12,000 ലധികം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയുന്നുണ്ട്. ഖാദി കമ്മീഷന്റെ അംഗീകാരമുള്ള വസ്ത്രങ്ങള്‍ മാത്രം വാങ്ങുവാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സി.സുധാകരന്‍, എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.എ അഷിത എന്നിവരും പങ്കെടുത്തു.