image

1 Jan 2023 12:15 PM GMT

Kerala

കേരള സ്പേസ് പാര്‍ക്ക് കെ സ്പേസ് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നു

Bureau

space
X


തിരുവനന്തപുരം: ജില്ലയിലെ ബഹിരാകാശ സംബന്ധമായ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കേരള സ്പേസ് പാര്‍ക്ക് കെ സ്പേസ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നു. 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സ്ഥാപനം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തിരിക്കുകയാണ്. ധാരണാ പത്രത്തിനും നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്ന് 18.56 ഏക്കര്‍ സ്ഥലമാണ് കെസ്പേസിനായി നീക്കിവെയ്ക്കുന്നത്. പുതിയ സൊസൈറ്റിക്കുള്ള അടിയന്തര ഫണ്ടിനു വേണ്ടി രണ്ട് കോടി രൂപ മൂലധനം അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്പേസ് പാര്‍ക്ക്

ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നതിനും ഒരു പ്രധാന ഉല്‍പ്പാദനമേഖലയായി വികസിപ്പിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നതാണ് രാജ്യത്തെ ആദ്യത്തെ സ്പേസ് സിസ്റ്റം പാര്‍ക്കായ തിരുവനന്തപുരം സ്പേസ് പാര്‍ക്ക്. ഡോ.എപിജെ അബ്ദുള്‍ കലാം കേന്ദ്രവും ബഹിരാകാശ മ്യൂസിയവും ബഹിരാകാശപാര്‍ക്കിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

ടെക്നോസിറ്റിയിലെ നോളജ് സിറ്റിയിലെ സ്പേസ് പാര്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ സാങ്കേതിക ഇക്കോസിസ്റ്റമായി വികസിപ്പിക്കുന്നതിന് 20.01 ഏക്കര്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് സര്‍ക്കാര്‍ പാട്ടമായി നല്‍കും. കേരളസര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രാഥമികമായി ജിഐഎസും മറ്റ് ഡാറ്റാ സംവിധാനങ്ങളും ഉപയോഗിക്കുന്ന കമ്പനികള്‍ക്കായുള്ള നിര്‍മ്മാണ കേന്ദ്രമായ ഈ സമുച്ഛയത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററും എയര്‍ബസ് ബിസ്ലാബ് ഉള്‍പ്പെടെയുള്ള ആക്സിലറേറ്ററുകളും നൈപുണ്യ പരിശീലന സംവിധാനങ്ങളും, ഉല്‍പ്പാദന യൂണിറ്റുകളും ഉണ്ടായിരിക്കും.സ്പേസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരള തലസ്ഥാനം ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രധാന കേന്ദ്രമായിമാറും. സ്പേസ് 2.0 നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് സ്പേസ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇത് ധാരാളം ഹൈടെക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും.

കൂടാതെ ഐഎസ്ആര്‍ഒ യുടെ മറ്റു ചില പ്രധാന കേന്ദ്രങ്ങളും നഗരത്തിലും പരിസരത്തും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ സ്പേസ് പാര്‍ക്കിനൊപ്പം ബഹിരാകാശ സാങ്കേതിക ആപ്ലിക്കേഷനുകള്‍ക്കും ഗവേഷണത്തിനും ശക്തമായ ഒരു ഇടം സൃഷ്ടിക്കാന്‍ ഇതിന് കഴിയും.