image

11 March 2026 9:10 PM IST

News

ഗ്യാസ് കിട്ടാനില്ല; അടച്ചുപൂട്ടണോ? മെനു വെട്ടിക്കുറയ്ക്കണോ? ആശങ്കയില്‍ ഹോട്ടൽ ഉടമകള്‍

MyFin Desk

ഗ്യാസ് കിട്ടാനില്ല; അടച്ചുപൂട്ടണോ? മെനു വെട്ടിക്കുറയ്ക്കണോ? ആശങ്കയില്‍ ഹോട്ടൽ ഉടമകള്‍
X

Summary

വാണിജ്യ സിലിണ്ടറുകള്‍ കിട്ടാത്ത സ്ഥിതിയാണെന്ന് ഹോട്ടല്‍ ഉടമകള്‍


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുന്നത് കേരളത്തിലെ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഹോട്ടല്‍ ഉടമകള്‍ക്ക് വെല്ലുവിളിയാകുന്നത്. പാചകവാതക ക്ഷാമം രൂക്ഷമായാല്‍ സംസ്ഥാനത്തെ ഹോട്ടല്‍-കാറ്ററിങ് മേഖല പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ഉടമകള്‍.

എല്‍പിജി ബുക്ക് ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വാണിജ്യ സിലിണ്ടറുകള്‍ കിട്ടാത്ത സ്ഥിതിയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പല ജില്ലകളിലെ ഹോട്ടലുകളിലും സിലിണ്ടര്‍ സ്‌റ്റോക്ക് കുറച്ച് ദിവസത്തേക്ക് മാത്രമാണുള്ളത്. ഇങ്ങനെ പോയാല്‍ മെനു വെട്ടിച്ചുരുക്കുകയോ ഹോട്ടല്‍ അടച്ചിടുകയോ ചെയ്യേണ്ടി വരുമെന്ന് ഉടമകള്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളു. കൊച്ചിയില്‍ പല സ്ഥലങ്ങളിലും സിലിണ്ടര്‍ ലഭ്യതക്കുറവ് കാരണം ഹോട്ടല്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്.

വാണിജ്യ സിലിണ്ടറുകളുടെ ഫില്ലിങ്, കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സ്റ്റോക്കിസ്റ്റുകള്‍ പറയുന്നു. ഹോട്ടലുകളില്‍ പാചകം ചെയ്യാന്‍ എല്‍പിജിക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുക അത്ര എളുപ്പമല്ല. ഇന്‍ഡക്ഷന്‍ രീതിയില്‍ വലിയ തോതില്‍ പാചകം ചെയ്യാനുള്ള സംവിധാനമുണ്ടെന്ന വാഗ്ദാനവുമായി കമ്പനികള്‍ ഹോട്ടല്‍ ഉടമകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ അതിന് കൂടുതല്‍ മുതല്‍മുടക്ക് വേണ്ടിവരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യസേവന നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാര്‍ഹിക എല്‍പിജി, പൈപ്പിലൂടെയുള്ള പിഎന്‍ജി, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവയുടെ ഉല്‍പ്പാദനം കൂട്ടാന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങളില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഹോട്ടലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വിതരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയിലും ബിപിസിഎലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും എല്‍പിജി ബോട്‌ലിങ് പ്ലാന്റുകളില്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നതു മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി എല്‍പിജി ബോട്‌ലിങ് പ്ലാന്റില്‍ വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങിയത്, വിപണിയില്‍ ഏകദേശം 14,700 വാണിജ്യ സിലിണ്ടറുകളുടെ കുറവുണ്ടാക്കി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു പുറമേ 5 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളിലും ഇപ്പോള്‍ ഗ്യാസ് നിറയ്ക്കുന്നില്ല.

കേന്ദ്രം ഇടപെടണം:മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക രേഖപ്പെടുത്തി. പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ എല്‍പിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതും ആവശ്യമായാല്‍ ബജറ്റ് വിഭവങ്ങളില്‍ നിന്ന് സബ്സിഡി നല്‍കി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.