image

7 Dec 2023 12:42 PM IST

News

ഇനി കൊച്ചി മെട്രോ ടിക്കറ്റ് Yatri ആപ്പ് വഴി എടുക്കാം

MyFin Desk

kochi metro ticket booking through yatri app
X

Summary

ഒഎന്‍ഡിസിയുമായി സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്


കൊച്ചി മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി (Yatri) ആപ്പ് വഴി എടുക്കാനാകും. മെട്രോ ട്രെയിനില്‍ യാത്രയ്ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും.

ഇതിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം ഒരുക്കാന്‍ സാധിക്കും.

ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

ഇ-കൊമേഴ്‌സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ ഈ മാസം തന്നെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഒപ്പിടുമെന്നാണു സൂചന.

ഈ വര്‍ഷം ആദ്യം വ്യവസായ, ഗതാഗത വകുപ്പുകളുമായി ഒഎന്‍ഡിസി ധാരണാപത്രം ഒപ്പുവച്ചിരുന്നു.

കുടുംബശ്രീ, ഹാന്റക്‌സ്, കേരള സോപ്‌സ് തുടങ്ങിയ ഒന്നിലധികം സ്ഥാപനങ്ങള്‍ ഇതിനകം ഒഎന്‍ഡിസി നെറ്റ് വര്‍ക്കിലുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ചേരാനുള്ള ശ്രമത്തിലാണ്.

കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ഒഎന്‍ഡിസി നെറ്റ് വര്‍ക്കില്‍ ചേരുമെന്നും സൂചനയുണ്ട്.

എന്താണ് ഒഎന്‍ഡിസി ?

ഇന്ത്യയില്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഇ-കൊമേഴ്‌സ്) മേഖലയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബര്‍ 31 ന് തുടക്കമിട്ട ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഒഎന്‍ഡിസി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ഒഎന്‍ഡിസിയുടെ സ്ഥാപകര്‍.

കമ്പനി ആക്ട് 2013 സെക്ഷന്‍-8 പ്രകാരം സംയോജിപ്പിച്ചിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി കൂടിയാണ് ഒഎന്‍ഡിസി.

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് യുപിഐ ഒരു വിപ്ലവമാണു നടത്തിയത്. യുപിഐ വികസിപ്പിച്ചത് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ്. അതു പോലെ ഇ-കൊമേഴ്‌സില്‍ ഒരു വിപ്ലവമാണ് ഒഎന്‍ഡിസിയിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഇ-കൊമേഴ്‌സ് രംഗത്തുള്ള വമ്പന്‍മാര്‍ക്കു ബദലായാണ് ഒഎന്‍ഡിസിയെ അവതരിപ്പിച്ചിരിക്കുന്നത്.

29,000 വില്‍പ്പനക്കാര്‍ ഇപ്പോള്‍ ഒഎന്‍ഡിസി ശൃംഖലയിലുണ്ട്.