2 Aug 2024 7:36 AM GMT
Summary
- ദുരന്തമുഖത്ത് അതിജീവിച്ചിരുന്ന എല്ലാവരെയും രക്ഷിച്ചതായി മുഖ്യമന്ത്രി
- ഇനിയും ആരെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ദുരന്തത്തെ അതിജീവിച്ചവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ, കൂടുതല്‍ മൃതദേഹങ്ങള്‍ വീണ്ടെടുത്തിരുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 170 പേരെ കാണാതായി. സ്ഥിരീകരിച്ച 177 പേരില്‍ 81 പുരുഷന്മാരും 70 സ്ത്രീകളും ബാക്കിയുള്ളവര്‍ കുട്ടികളുമാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ദുരന്തമുഖത്ത് അതിജീവിച്ചിരുന്ന എല്ലാവരെയും രക്ഷിച്ചതായി വയനാട്ടിലെ കല്‍പ്പറ്റയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല ഗ്രാമങ്ങളില്‍നിന്നും എല്ലാവരെയും രക്ഷപെടുത്തി.
ആരെങ്കിലും ഒറ്റപ്പെട്ടുപോയിട്ടുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചുവരികയാണ്. ഇനി അവശേഷിക്കുന്നത് പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കുക എന്നതാണ്.
മലപ്പുറത്തെ നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍ നദിയില്‍ നിന്ന് പ്രാഥമികമായി 92 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ശരീരഭാഗങ്ങളുടെ പരിശോധന ഉള്‍പ്പെടെ 252 പോസ്റ്റ്മോര്‍ട്ടം നടത്തിയതായി അധികൃതര്‍ അറിയിച്ചു.
മുണ്ടക്കൈയിലെ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലും ചൂരല്‍മലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി 29 കുട്ടികളെ കാണാതായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുമായി ഒരു പ്രോട്ടോക്കോള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭരണത്തിന് ആവശ്യമായ അധിക ഫ്രീസറുകള്‍ക്കൊപ്പം, ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കനത്ത മഴയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായത്.