1 Nov 2023 5:15 PM IST
Summary
- ബൊമ്മനഹള്ളി വ്യവസായ മേഖലയിലാണ് പുലി കെണിയില്‍പ്പെട്ടത്
- മൂന്നുദിവസമായി നഗരത്തില്‍ കറങ്ങിനിടന്ന പുലി ഭീതി വിതച്ചിരുന്നു
മൂന്നുദിവസമായി ബെംഗളൂരുവില്‍ ഭീതിവിതച്ച് കറങ്ങിനടന്ന പുള്ളിപ്പുലി അവസാനം പിടിയിലായി. ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കേറിയ ഇലക്ട്രോണിക് സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുഡ്ലു ഗേറ്റിന് സമീപമുള്ള സിസിടിവി ക്യാമറകളില്‍ പുലിയുടെ സാന്നിധ്യം പതിഞ്ഞതോടെയാണ് മഹാനഗരം ആകെ പരിഭ്രാന്തിയിലായത്.
മൂന്ന് ദിവസത്തെ പിന്തുടരലിന്റെയും ട്രാക്കിംഗിന്റെയും കരുത്തില്‍ കുഡ്ലു മേഖലയില്‍ അലഞ്ഞുതിരിയുന്ന പുലിയെ ബംഗളൂരുവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിജയകരമായി പിടികൂടുകയായിരുന്നു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് പിടികിട്ടാപ്പുള്ളിയായി കറങ്ങിയ പുലിയെ നിരവധിപേര്‍ കണ്ടതോടെ വനം വകുപ്പ് അതിവേഗ നടപടി സ്വീകരിച്ചു. പുലിയെ കുടുക്കുന്നതിനായി കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തു.
പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി ഭരത് നഗറിലെ ഒരു ക്വാറിക്ക് സമീപം തന്ത്രപരമായി രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബെംഗളൂരു റൂറല്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം.കെ.രവീന്ദ്ര നേരത്തെ പറഞ്ഞിരുന്നു. നൈറ്റ് പട്രോളിംഗ്, പോലീസ് സംഘങ്ങളും ശ്രമത്തില്‍ പങ്കാളികളായി.
ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന് സമീപം പുള്ളിപ്പുലി അലക്ഷ്യമായി ഉലാത്തുന്നതിന്റെ വ്യക്തമായ ദൃശ്യം അധികൃതര്‍ക്ക് ലഭിച്ചു. പ്രമുഖ സ്വകാര്യ സ്‌കൂളിന് സമീപമുള്ള ബ്രൂക്ക്ഫീല്‍ഡ്, എച്ച്എസ്ആര്‍ എക്സ്റ്റന്‍ഷന്‍ എന്നിവിടങ്ങളിലും പുലിയെ കണ്ടിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം ബുധനാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബൊമ്മനഹള്ളി വ്യവസായ മേഖലയില്‍ നിന്നാണ് പിടികൂടിയത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ ഒളിച്ചിരുന്ന ബുധനാഴ്ച രാവിലെ പുള്ളിപ്പുലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെടുകയായിരുന്നു. പുലി ഒരു മൃഗഡോക്ടറെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
