image

31 Oct 2023 1:33 PM IST

News

ബെംഗളൂരുവില്‍ പുലിയിറങ്ങി; ആശങ്കയോടെ ഐടി ഇടനാഴി

MyFin Desk

Leopard on prowl in Bengaluru’s IT corridor teams formed to catch the big cat
X

Summary

  • ആദ്യം പുലിയെ കണ്ടത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം
  • പുലിയെ പിടിക്കാന്‍ വിപുലമായ സന്നാഹങ്ങളുമായി വനംവകുപ്പും പൊലീസും
  • രാത്രി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


ബെംഗളൂരു നഗരത്തിന്‍റെ പല ഭാഗങ്ങളിലായി പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍. ബെംഗളൂരു ഐടി ഇടനാഴി, നഗരത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ആശങ്ക ശക്തമായി പരക്കുന്നത്. പുലി പലയിടത്തും എത്തിയതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ അതിവേഗത്തില്‍ വൈറലായിട്ടുണ്ട്. ഒക്റ്റോബര്‍ 28ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുലിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു അപ്പാര്‍ട്ട്‍മെന്‍റിന്‍റെ ബേസ്മെന്‍റിലേക്ക് പുലിയെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പിന്നീടിത് ബൊമ്മനഹള്ളിക്ക് അടുത്തുള്ള സിംഗസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്‍റ് കോംപ്ലക്സിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

ഇന്ന് പുലർച്ചെ കുട്‍ലു ഗേറ്റിലെ ഐടി പാര്‍ക്കിനു സമീപവും പുലിയെ കാണാനായി. പട്രൊളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് റോഡില്‍ പുള്ളിപ്പുലിയെ കണ്ടത്. പുലിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പും പൊലീസും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്. നിരവധി ജനങ്ങള്‍ താമസിക്കുകയും വിവിധ ഐടി പാര്‍ക്കുകള്‍ സ്ഥിതിചെയ്യുകയും ചെയ്യുന്ന പ്രദേശമായതിനാല്‍ ഏറെ ജാഗ്രതയോടെയാണ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി കാല യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികളെ തനിച്ച് പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെന്നാർഘട്ട വന്യജീവിസംരക്ഷണകേന്ദ്രത്തില്‍ നിന്നാകും പുലി എത്തിയതെന്നാണ് സൂചന. രാത്രിയിലാണ് പുലിയെ നഗരമേഖലകളില്‍ കാണാനായിട്ടുള്ളത്. കുട്‍ലു പാര്‍ക്കിന് സമീപത്തെ വിവിധ സ്ഥലങ്ങളില്‍ പുലിയ പിടിക്കുന്നതിനുള്ള കെണികള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. എത്രയും വേഗം പുലിയെ പിടിച്ച് കാട്ടില്‍ വിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വനംവകുപ്പ് പറയുന്നു. ഒരേ പുലിയെ തന്നെയാണ് വിവിധ മേഖലകളില്‍ കണ്ടത് എന്ന നിഗമനത്തിലാണ് അധികൃതര്‍.

ഷാര്‍പ്പ് ഷൂട്ടര്‍മാരും വെറ്ററിനറി ഡോക്റ്റര്‍‌മാരും ഉള്‍പ്പടെ 25 അംഗ ദൗത്യസംഘത്തെയാണ് ഈ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. പുലിയ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.