14 Sept 2023 1:10 PM IST
Summary
- കിഴക്കൻ ലിബിയ ഏതാണ്ട് ഒലിച്ചുപോയി എന്നാണ് റിപ്പോർട്ട്.
- ലോക വിപണിയിൽ എണ്ണ വില ഉയരും
യുദ്ധവും, രാഷ്ട്രീയ വെറിയും തകർത്തെറിഞ്ഞ ലിബിയയിൽവീശിയടിച്ച മെഡിറ്ററേനിയൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 20000 പേർക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നു ബി ബി സി റിപ്പോർട്ട് ചെയ്തു. ആയിരകണക്കിന് ആൾക്കാരെ കാണാതായതായും ബി ബി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലിബിയയിലെ ഇടക്കാല സര്ക്കാരിന്റെ കണക്കനുസരിച്ചു മരണം 3500 മുതൽ 4500 വരെയാണ്.
കിഴക്കൻ ലിബിയ ഏതാണ്ട് ഒലിച്ചുപോയി എന്നാണ് റിപ്പോർട്ട്. പ്രകൃതിക്ഷോഭം ഏറ്റവുമധികം നാശം വിതച്ച ഡെർണ നഗരത്തിൽ തന്നെ മരിച്ചവരുടെ എണ്ണം 20000 കടക്കാൻ സാധ്യതയുണ്ടന്നു നഗരത്തിന്റെ മേയറെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അവിടെ നിരവധി ആളുകൾ കടലിലേക്ക് ഒലിച്ചുപോയതായി കരുതുന്നു. അമ്പതു വർഷങ്ങൾക്കു മുമ്പ് പണിത നഗരത്തിലെ രണ്ടു ഡാമുകൾ മഴയിൽ തകർന്നു. പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. രാത്രിയിൽ പെയ്തിറങ്ങിയ ദുരിത൦ ഈ മെഡിറ്ററേനിയൻ നഗരത്തിലെ വരണ്ടുകിടന്നിരുന്ന നദികളിൽ മിന്നൽ പ്രളയം സൃഷ്ടിച്ചു, ഉറങ്ങികിടന്നവരുടെ മുകളിലേക്ക് ബഹുനില പാർപ്പിട സമുച്ഛയങ്ങൾ ഇടിഞ്ഞു വീണു. ആധുനിക സംവിധാനങ്ങളുടെ കുറവ് മൂലം രക്ഷാപ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഇല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായങ്ങൾ ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.
എണ്ണ വില കൂടും
ദിവസം ഒരു ദശലക്ഷം വീപ്പ എണ്ണ ഉൽപ്പാദിപ്പിക്കുന്ന, ഒപെക് അംഗമായ ലിബിയ നേരിടുന്ന വിനാശകരമായ പ്രകൃതിഷോഭം ലോക വിപണിയിൽ എണ്ണ വില ഉയർത്തും. ലിബിയയിലെ ഇപ്പോൾ മുടങ്ങിയ എണ്ണ ഉൽപ്പാദനവും , കയറ്റുമതിയും പുനരാരംഭിക്കാൻ ആഴ്ചകൾ എടുക്കുമെന്ന് എണ്ണ വിപണി വിശകലന വിദഗ്ധനായ മാറ്റ് സ്മിത്ത് പറയുന്നു. ഇത് മൊത്ത - ചില്ലറ വിപണികളിൽ പ്രതിഫലിക്കുമെന്നാണ് സ്മിത്തിന്റെ നിഗമന൦ .
ലിബിയയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് എണ്ണ വില വീപ്പക്കു 92 ഡോളറായി. ഇത് കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ്. എണ്ണ വിപണിയുടെ ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് ഇന്നത്തെ വ്യാപാരത്തിനിടയിൽ 2 ശതമാനം കൂടി 92 .38 ഡോളർ വരെ ഉയർന്നിരുന്നു.
പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളായ റഷ്യയും, സൗദിയും കയറ്റുമായിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലിബിയയിലെ ദുരന്തം. ഇത് വിലക്കയറ്റ പ്രവണത കൂടുതൽ ശക്തമാക്കും എന്ന് വിപണി നിരീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
