image

27 Dec 2022 6:14 PM IST

News

കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ പദ്ധതി ഉടന്‍

Bureau

Kerala Agro Business Company
X


തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി എം.എല്‍.എ ഫണ്ടുപയോഗിച്ച് വാങ്ങിയ 13 ആട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ (എ.എം.സി) യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുവേരിക്കര ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന സംഗമത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു. എള്ളുവിള ക്ഷീരസംഗമാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം കൊല്ലയില്‍ സ്വദേശി വിനീതയ്ക്ക് ലഭിച്ചു. നാറാണിയില്‍ നിന്ന് ഘോഷയാത്രയോടെയാണ് സംഗമം ആരംഭിച്ചത്. കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, വിവിധതരം പാല്‍ ഉത്പന്നങ്ങളുടെ വിപണനവും, പ്രദര്‍ശനവും എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

ക്ഷീരവികസന വകുപ്പ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, സഹകരണ ബാങ്കുകള്‍, മറ്റിതര ബാങ്കുകള്‍, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം 2022 സംഘടിപ്പിച്ചത്.