image

24 Jan 2024 1:58 PM IST

News

മാക്രോണിന്റെ സന്ദര്‍ശനം : ഇന്ത്യ-ഇയു ചര്‍ച്ചകള്‍ക്ക് ഗുണകരം

MyFin Desk

macrons visit, india-eu talks will be beneficial
X

Summary

  • റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാക്രോണ്‍ മുഖ്യാതിഥി
  • ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കും
  • ഇന്ത്യ-ഇയു എഫ്ടിഎ അടുത്ത ചര്‍ച്ചകള്‍ ഫെബ്രുവരിയില്‍


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍.27 രാജ്യങ്ങള്‍ അടങ്ങുന്ന യൂറോപ്യന്‍ യൂണിയന്റെ (ഇയു) പ്രധാന അംഗമാണ് ഫ്രാന്‍സ്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2022 ജൂണില്‍ കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ 2013-ലാണ് നിര്‍ത്തിവെച്ചത്.

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാക്രോണ്‍ മുഖ്യാതിഥിയാകും, അത് അഭിമാനകരമായ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്ന ഫ്രാന്‍സില്‍ നിന്നുള്ള ആറാമത്തെ നേതാവായി മാറും. വ്യാഴാഴ്ച അദ്ദേഹം ജയ്പൂരും സന്ദര്‍ശിക്കും.

പ്രതിരോധ സഹകരണം മുതല്‍ സാമ്പത്തിക ബന്ധങ്ങള്‍, ഊര്‍ജ സഹകരണം മുതല്‍ ബഹിരാകാശ, ആണവ പങ്കാളിത്തം വരെയുള്ള പരസ്പര താല്‍പ്പര്യമുള്ള വിവിധ മേഖലകള്‍ക്ക് ഈ സന്ദര്‍ശനം പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സഹകരണം പുതിയ കരാറുകള്‍ക്ക് വഴിയൊരുക്കും. ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളി എന്ന നിലയില്‍, വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഒരു എഫ്ടിഎ (ഇന്ത്യ-ഇയു എഫ്ടിഎ) ചര്‍ച്ചകള്‍ നടത്തുന്നു.വിപണി പ്രവേശനം, ബൗദ്ധിക സ്വത്തവകാശം, നിക്ഷേപ സൗകര്യം എന്നിവയും ചര്‍ച്ച ചെയ്‌തേക്കാം.

നിര്‍ദിഷ്ട കരാറിനായുള്ള ഏഴാം റൗണ്ട് ചര്‍ച്ചകള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ ഡെല്‍ഹിയില്‍ നടക്കും. ചര്‍ച്ചകളില്‍ തീവ്രവാദ വിരുദ്ധത, ഇന്റലിജന്‍സ് പങ്കിടല്‍, പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റം എന്നിവ ഉള്‍പ്പെടും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത അടിവരയിടുന്ന പുനരുപയോഗ ഊര്‍ജം, ഹരിത ഹൈഡ്രജന്‍, സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും സാധ്യമായ സഹകരണം പ്രതീക്ഷിക്കുന്നു. ആഗോള ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ സിഎന്‍ഇഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ബഹിരാകാശ പങ്കാളിത്തം, സാങ്കേതിക കൈമാറ്റം, സിവില്‍ ന്യൂക്ലിയര്‍ വിഭാഗത്തിലെ സഹകരണം എന്നിവയു ംചര്‍ച്ചാ വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിര്‍മ്മാണം, സേവനങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലായി 1,000-ലധികം ഫ്രഞ്ച് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. 200-ലധികം ഇന്ത്യന്‍ കമ്പനികള്‍ ഫ്രാന്‍സിലും പ്രവര്‍ത്തിക്കുന്നുണ്ട്. 2022-23ല്‍ ഉഭയകക്ഷി വ്യാപാരം 19.2 ബില്യണ്‍ ഡോളറിലെത്തി (കയറ്റുമതി 7.6 ബില്യണ്‍ ഡോളറും ഇറക്കുമതി 6.2 ബില്യണ്‍ ഡോളറും). ഇന്ത്യയിലെ 11-ാമത്തെ ഏറ്റവും വലിയ നിക്ഷേപകരാണ് ഫ്രാന്‍സ്.