image

22 Oct 2026 11:04 AM IST

News

വന്‍ സുരക്ഷാ വീഴ്ച! ഇ-മുദ്രയുടെ രഹസ്യ കീകള്‍ ചോര്‍ന്നു; നിങ്ങളുടെ ഡാറ്റ സേഫ് ആണോ?

MyFin Desk

major security breach, e-mudhras secret keys leaked, is your data safe
X

Summary

രഹസ്യ കീകള്‍ കൈക്കലാക്കുന്ന ഹാക്കര്‍മാര്‍ക്ക് അവര്‍ക്ക് സ്വന്തമല്ലാത്ത വെബ്‌സൈറ്റുകളുടെ പേരില്‍ പോലും വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും


ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ സര്‍ട്ടിഫിക്കറ്റ് അതോറിറ്റിയായ ഇ-മുദ്ര നല്‍കുന്ന വെബ് സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വകാര്യ കീകള്‍ ചോര്‍ന്നതായി കണ്ടെത്തി. 60 ദശലക്ഷത്തിലധികം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുള്ള കമ്പനിയുടെ എട്ട് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കീകളാണ് ചോര്‍ന്നത്. വെബ് ബ്രൗസര്‍ കമ്പനിയായ മോസില്ലയാണ് ആദ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ രഹസ്യ കീകള്‍ കൈക്കലാക്കുന്ന ഹാക്കര്‍മാര്‍ക്ക് അവര്‍ക്ക് സ്വന്തമല്ലാത്ത വെബ്‌സൈറ്റുകളുടെ പേരില്‍ പോലും വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും. ഇതുപയോഗിച്ച് യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ ഉണ്ടാക്കി നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കാനും, നിങ്ങളും വെബ്‌സൈറ്റും തമ്മിലുള്ള സുരക്ഷിതമായ ആശയവിനിമയങ്ങള്‍ ചോര്‍ത്താനും അവര്‍ക്ക് സാധിക്കും. ഇതുവഴി നിങ്ങളുടെ പാസ്വേഡുകളും മറ്റ് സ്വകാര്യ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് ലഭ്യമാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇഋഞഠകി മുന്നറിയിപ്പ് നല്‍കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എല്ലാ പങ്കാളികളുമായും ചേര്‍ന്ന് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ CERT-In നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം സംഭവം അറിഞ്ഞയുടനെ തന്നെ നടപടികള്‍ ആരംഭിച്ചതായി ഇ-മുദ്ര അറിയിച്ചു. ബാധിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ബ്രൗസര്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കീകള്‍ ചോരാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.