30 Oct 2023 3:43 PM IST
Summary
- എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്
- വിവാദമായ മദ്യനയം 2022 സെപ്റ്റംബര്‍ അവസാനം റദ്ദാക്കിയിരുന്നു
എഎപി നേതാവും ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. റദ്ദാക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിചാരണ അലസമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മൂന്ന് മാസത്തിനകം സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും ബെഞ്ച് പറഞ്ഞു.
'ഡെല്‍ഹി എക്സൈസ് നയം തിരുത്താന്‍ നല്‍കിയതായി ആരോപിക്കപ്പെടുന്ന കൈക്കൂലി മുന്‍കൂര്‍ കുറ്റകൃത്യത്തിന്റെ ഭാഗമല്ലെങ്കില്‍ സിസോദിയയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തെളിയിക്കാന്‍ പ്രയാസമാണ്' എന്ന് ഒക്ടോബര്‍ 17 ന് സുപ്രീം കോടതി ഇഡിയോട് പറഞ്ഞിരുന്നു.
ഫെബ്രുവരി 26 ന് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സി (സിബിഐ) അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് കസ്റ്റഡിയിലാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിസോദിയയെ തിഹാര്‍ ജയിലില്‍ ചോദ്യം ചെയ്തതിന് ശേഷം മാര്‍ച്ച് 9 ന് ഇഡി അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 28നാണ് സിസോദിയ ഡെല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.
ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാന്‍ കഴിവുള്ള 'ഉന്നതനായ' വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി മെയ് 30ന് സിബിഐകേസില്‍ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു.
ഗവണ്‍മെന്റിന്റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലൈ 3 ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു, അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ 'വളരെ ഗൗരവമുള്ളതാണ്' എന്ന് പറഞ്ഞു.
ഡെല്‍ഹി സര്‍ക്കാര്‍ 2021 നവംബര്‍ 17 ന് നയം നടപ്പാക്കിയിരുന്നുവെങ്കിലും അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ 2022 സെപ്റ്റംബര്‍ അവസാനം അത് റദ്ദാക്കേണ്ടിവന്നു. പുതിയ നയത്തിന് കീഴില്‍ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5ല്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
പുതിയ നയം കാര്‍ട്ടിലൈസേഷനില്‍ കലാശിച്ചതായും മദ്യ ലൈസന്‍സിന് അര്‍ഹതയില്ലാത്തവരെ ആനുകൂല്യങ്ങള്‍ക്കായി അനുകൂലിച്ചതായും ഏജന്‍സികള്‍ ആരോപിച്ചു. ഡെല്‍ഹി സര്‍ക്കാരും സിസോദിയയും ആരോപണം നിഷേധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
