image

9 April 2024 12:24 PM IST

News

അതിര്‍ത്തിയിലെ 'പഞ്ചാരക്കള്ളന്‍മാര്‍' അധികൃതര്‍ക്ക് തലവേദനയാകുന്നു

MyFin Desk

അതിര്‍ത്തിയിലെ പഞ്ചാരക്കള്ളന്‍മാര്‍  അധികൃതര്‍ക്ക് തലവേദനയാകുന്നു
X

Summary

  • ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകളും സജീവം
  • ഇന്ത്യയില്‍ പഞ്ചസാരയുടെ വില നിയന്ത്രണവിധേയമായി നില്‍ക്കുന്നത് കടത്തുകാര്‍ അവസരമാക്കുന്നു
  • കന്നുകാലിക്കടത്തിനു പകരം ഇപ്പോള്‍ പഞ്ചസാരക്കടത്ത് വ്യപകമാകുന്നു


ബംഗ്ലാദേശ് അതിര്‍ത്തിയിലെ പഞ്ചസാരക്കടത്ത് അധികൃതര്‍ക്ക് തലവേദനയാകുകയാണ്. പ്രധാനമായും മേഘാലയയിലെ പല അതിര്‍ത്തികളിലാണ് ഈ മധുരവഴികള്‍ കൂടുതലുള്ളത്. എന്നാല്‍ അതിര്‍ത്തി പങ്കിടുന്ന പല സ്ഥലത്തും മാര്‍ക്കറ്റുകളും മറ്റും ഉള്ളതിനാല്‍ കടത്തുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു.

മധുരക്കടത്തിന് പ്രേരിപ്പിക്കുന്നതാകട്ടെ വിലയിലുണ്ടാകുന്ന ഭീമമായ വ്യത്യാസമാണ്. ഇന്ത്യയില്‍ കിലോയ്ക്ക് 40 മുതല്‍ 46 രൂപവരെ വില ഉള്ള സമയം ബംഗ്ലാദേശിലേക്ക് ഇത് കടത്തുന്നത് കിലോയ്ക്ക് 80 മുതല്‍ 85 ടാക്കവരെയുള്ള(ബംഗ്ലാദേശ് കറന്‍സി) നിരക്കിലാണ്. ഇതാണ് അതിന്റെ ആകര്‍ഷണവും.

50 കിലോഗ്രാം ചാക്കിന് ഏകദേശം 3,000 ടാക്കയോ അതില്‍ താഴെയോ വില വരും. അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ ഒരു ചാക്ക് പഞ്ചസാര 4000 മുതല്‍ 4500 വരെ ടാക്കയ്ക്കാണ് വില്‍ക്കുന്നത്. ചിലയിടത്ത് അതിലും കൂടുതലാണ്. അതേസമയം ദൂരം കൂടുന്നതിന് അനുസരിച്ച് വിലയും കൂടുന്നുണ്ട്.

രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചിരുന്നു. തെരഞ്ഞെടുപ്പുവേളയില്‍ അവശ്യവസ്തുക്കള്‍ക്ക് വിലവര്‍ധനവ് ഉണ്ടാകരുതെന്ന് മുന്‍കരുതലുന്റെ ഭാഗമായാണ് ഈ നിയന്ത്രണം നടപ്പാക്കിയത്. ഈ നടപടി രാജ്യത്തെ വില നിയന്ത്രിച്ചു നിര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍നിന്നും പഞ്ചസാര ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടായ പ്രതിസന്ധി ഇതിന്റെ വില വര്‍ധിപ്പിച്ചു.

അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണര്‍ അടക്കം വന്‍ ഈ കച്ചവടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അപകടകരമായ സ്വഭാവം ഉണ്ടായിരുന്നിട്ടും അവര്‍ മധുരക്കടത്തിനു പിന്നാലെയാണ്.

കഴിഞ്ഞ ദിവസം മേഘാലയ അതിര്‍ത്തിയില്‍നിന്നും 30,000 കിലോയിലധികം പഞ്ചസാരയാണ് അതിര്‍ത്തി രക്ഷാസേനയും പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇത് കടത്തിന്റെ വ്യാപ്തിക്ക് ഉദാഹരണമാണ്.

സൗത്ത് ഗാരോ ഹില്‍സിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള വനമേഖലയിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ നിന്ന് ഞായറാഴ്ചയാണ് ഇത് പിടികൂടിയത്.

അതിര്‍ത്തി മേഖലയിലെ ക്വാറികള്‍ പലതും ധാതു വിഭവശേഷി മന്ത്രാലയം നിരോധിച്ചിരുന്നു. സില്‍ഹെറ്റിലെ എല്ലാ ക്വാറികളിലും സ്റ്റോണ്‍ ക്രഷര്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിക്കുകയും ചെയ്തതോടെ നിരവധി പേര്‍ക്ക തൊഴില്‍ നഷ്ടപ്പെട്ടു. മണ്ണ് പോലും കൃഷിക്ക് അനുയോജ്യമല്ല, കാരണം മണ്ണിന്റെ നേര്‍ത്ത പാളിക്ക് താഴെ കല്ലുകള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ വില നിയന്ത്രണത്തിലായിരിക്കെ അയല്‍ രാജ്യത്ത് പഞ്ചസാര വില ഉയരുന്നത് ഗ്രാമവാസികള്‍ അവസരമാക്കി മാറ്റുകയായിരുന്നു.

അതിര്‍ത്തി കടക്കാന്‍ ചാക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് ഓരോ ചാക്കിനും 300 ബംഗ്ലാദേശി ടാക്ക നല്‍കുന്നു. ബൈക്ക് യാത്രക്കാര്‍ നാല് ചാക്ക് പഞ്ചസാര വരെ കൊണ്ടുപോകുന്നു. സൈനികരുടെ ചലനം നിരീക്ഷിക്കുന്നവര്‍ക്ക് 50 ടാക്കയും ലഭിക്കും. ഇങ്ങനെ ദൂരത്തിന് അനുസരിച്ച് ചെലവ് വര്‍ധിക്കും. ഒപ്പം വിലയും.

ഇന്ത്യന്‍ ഭാഗത്ത് രാത്രിയിലും ബംഗ്ലാദേശില്‍ പകല്‍ സമയങ്ങളിലുമാണ് പഞ്ചസാര കടത്തുന്നതെന്നാണ് വിവരം. കുറെക്കാലമായി കന്നുകാലികളായിരുന്നു പ്രധാന കടത്ത്. ഇപ്പോള്‍ അത് മാറിയതായാണ് സൂചനകള്‍.

ഷുഗര്‍ കള്ളക്കടത്ത് ഇക്കാലത്ത് വളരെ സാധാരണമായി. സില്‍ഹെറ്റ് അതിര്‍ത്തിയിലാണ് വ്യാപാരികള്‍ ഏറ്റവും സജീവമായിരിക്കുന്നത്.