17 Sept 2026 11:44 AM IST
Summary
വികസനത്തിന്റെ ഭാഗമായി ദുബായ്, ദോഹ അടക്കമുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ക്രൂയിസ് കണക്റ്റിവിറ്റി കൊണ്ടുവരും
കേരളത്തെ പ്രമുഖ സമുദ്ര-ലോജിസ്റ്റിക്‌സ് ഹബ്ബായി ഉയര്‍ത്താന്‍ വിപ്ലവകരമായ പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒറ്റ കുടക്കീഴില്‍ സംയോജിപ്പിക്കുന്ന 'മിഷന്‍ സമുദ്ര' പദ്ധതിക്ക് രൂപം നല്‍കുമെന്ന് 'റീഇമാജിനിംഗ് കേരളം' കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ കോണ്‍ക്ലേവില്‍ വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പദ്ധതിക്ക് അന്തിമരൂപം നല്‍കുക.
2,000 വര്‍ഷം മുന്‍പ് 31 രാജ്യങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന മുസിരിസിന്റെ പാരമ്പര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 600 കിലോമീറ്റര്‍ തീരവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലും 18 വിമാനത്താവളങ്ങളുമുള്ള കേരളത്തിന്റെ കരുത്ത് ഉപയോഗിച്ച് സംസ്ഥാനത്തെ ഒരൊറ്റ പോര്‍ട്ട് സിറ്റിയായി വികസിപ്പിക്കും. ചെറിയ തുറമുഖങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും ചരക്ക് നീക്കത്തിന്റെ 50% റോഡില്‍ നിന്ന് തീരദേശ-ജലപാതകളിലേക്ക് മാറ്റുകയും ചെയ്യും. സ്വകാര്യ നിക്ഷേപത്തിനാണ് ഊന്നല്‍, ഹഡ്‌കോ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ഇതിനായി ചര്‍ച്ച തുടങ്ങി.
വികസനത്തിന്റെ ഭാഗമായി ദുബായ്, ദോഹ അടക്കമുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ക്രൂയിസ് കണക്റ്റിവിറ്റി കൊണ്ടുവരും. രണ്ടാം ഘട്ടത്തില്‍ 44 നദികളെ ബന്ധിപ്പിച്ച് റിവര്‍ ക്രൂയിസും. ബ്ലൂ ഇക്കോണമിയില്‍ കേരളത്തിന്റെ തിരിച്ചുവരവിനായി ആലപ്പുഴയെ ഇന്ത്യയുടെ സീഫുഡ് ഹബ്ബായി വികസിപ്പിക്കും, സീഫുഡ് പ്രോസസിംഗ്, മൂല്യവര്‍ധനവ്, കയറ്റുമതി എന്നിവ ശക്തമാക്കും. മാരിടൈം ലോ, ലോജിസ്റ്റിക്‌സ് കോഴ്‌സുകള്‍ തുടങ്ങി വിദഗ്ധരെ സൃഷ്ടിക്കാനും തീരുമാനമായി.
ഇതിനൊപ്പം തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ ജില്ലകളെ ചേര്‍ത്ത് 'സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍' സൃഷ്ടിക്കാനും പദ്ധതിയുണ്ട്. വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം, കൊല്ലത്തെ അപൂര്‍വ ധാതുക്കള്‍, ബഹിരാകാശ സ്ഥാപനങ്ങള്‍ എന്നിവയെ ഒരൊറ്റ സാമ്പത്തിക ചട്ടക്കൂടില്‍ ബന്ധിപ്പിക്കും. വ്യവസായങ്ങള്‍ക്ക് 60 ദിവസത്തിനകം ഏകജാലക അനുമതി ഉറപ്പാക്കുമെന്ന് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. തുറമുഖ വകുപ്പ് സെക്രട്ടറി രതന്‍ യു. കേല്‍ക്കര്‍, ജോറോമിക് ജോര്‍ജ്, അഡ്മിറല്‍ ഹരികുമാര്‍, ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പഠിക്കാം & സമ്പാദിക്കാം
Home
