3 May 2026 5:15 PM IST
Summary
കരാര്‍ പൂര്‍ത്തിയാകുന്നതോടെ മിത്തല്‍ കുടുംബത്തിന് ഫ്രാഞ്ചൈസിയില്‍ 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അഡാര്‍ പൂനവാലയ്ക്ക് 18 ശതമാനവും മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകര്‍ക്ക് 7 ശതമാനവും ഓഹരികള്‍ ലഭിക്കും
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നിന് കളമൊരുങ്ങുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ഓഹരികളും പ്രമുഖ വ്യവസായി ലക്ഷ്മി എന്‍. മിത്തലിന്റെ കുടുംബവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാലയും ചേര്‍ന്ന് ഏറ്റെടുക്കുന്നു. മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി ചേര്‍ന്നാണ് ഈ വമ്പന്‍ കരാര്‍ ഉറപ്പിച്ചത്. 1.65 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ ഇടപാടിലൂടെ ഐപിഎല്‍ ടീമിന് പുറമെ ദക്ഷിണാഫ്രിക്കയിലെ പാള്‍ റോയല്‍സ്, കരീബിയനിലെ ബാര്‍ബഡോസ് റോയല്‍സ് എന്നിവയും പുതിയ ഉടമകളുടെ കീഴിലാകും.
കരാര്‍ പൂര്‍ത്തിയാകുന്നതോടെ മിത്തല്‍ കുടുംബത്തിന് ഫ്രാഞ്ചൈസിയില്‍ 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അഡാര്‍ പൂനവാലയ്ക്ക് 18 ശതമാനവും മനോജ് ബദാലെ ഉള്‍പ്പെടെയുള്ള നിലവിലെ നിക്ഷേപകര്‍ക്ക് 7 ശതമാനവും ഓഹരികള്‍ ലഭിക്കും. ബിസിസിഐ, സിസിഐ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായുള്ള ഈ ഏറ്റെടുക്കല്‍ 2026-ന്റെ മൂന്നാം പാദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍, വാനിഷ മിത്തല്‍-ഭാട്ടിയ എന്നിവര്‍ അഡാര്‍ പൂനവാലയ്‌ക്കൊപ്പം ടീം ബോര്‍ഡില്‍ അംഗങ്ങളാകും.
സ്വന്തം നാടിനോടുള്ള സ്‌നേഹമാണ് ഈ നിക്ഷേപത്തിന് പിന്നിലെ പ്രധാന പ്രേരണയെന്ന് സ്റ്റീല്‍ ഭീമന്‍ ലക്ഷ്മി മിത്തല്‍ വെളിപ്പെടുത്തി. 'ക്രിക്കറ്റ് എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ കുടുംബം രാജസ്ഥാനില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സിനേക്കാള്‍ മികച്ച മറ്റൊരു ടീം എനിക്ക് ഐപിഎല്ലില്‍ ഇല്ല,' അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ലോകത്തെ തന്നെ മുന്‍നിര സ്‌പോര്‍ട്‌സ് ലീഗായി വളര്‍ന്നുവെന്നും റോയല്‍സ് അതിന്റെ മികച്ച ടീമാണെന്നും ആദിത്യ മിത്തല്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാഞ്ചൈസിയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന്റെ ആവേശം അഡാര്‍ പൂനവാലയും പങ്കുവെച്ചു.
വാള്‍മാര്‍ട്ട് അവകാശി റോബ് വാള്‍ട്ടണ്‍ അടക്കമുള്ള വമ്പന്‍മാര്‍ ഉള്‍പ്പെട്ട യുഎസ് ആസ്ഥാനമായുള്ള കണ്‍സോര്‍ഷ്യത്തെ മറികടന്നാണ് മിത്തല്‍ കുടുംബം ടീമിനെ സ്വന്തമാക്കിയത്. നിശ്ചിത സമയപരിധിക്കുള്ളില്‍ സാമ്പത്തിക സ്രോതസ്സുകള്‍ ഉറപ്പാക്കുന്നതിലും സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിലും യുഎസ് ഗ്രൂപ്പ് പരാജയപ്പെട്ടത് മിത്തലിനും പൂനാവാലയ്ക്കും വഴിതുറന്നു. 1.63 ബില്യണ്‍ ഡോളറിന്റെ ഓഫര്‍ അവര്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും മൂലധന സമാഹരണത്തിലെ വിടവുകള്‍ തിരിച്ചടിയാവുകയായിരുന്നു.
പുതിയ ഉടമസ്ഥതയിലേക്ക് മാറുമ്പോഴും നിലവിലെ മാനേജ്മെന്റും ഉടമകളും തമ്മിലുള്ള പാലമായി മനോജ് ബദാലെ തുടരും. രാജസ്ഥാന്‍ റോയല്‍സിന്റെ വേരുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആഗോളതലത്തില്‍ ബ്രാന്‍ഡിനെ കൂടുതല്‍ കരുത്തുറ്റതാക്കാനാണ് പുതിയ സഖ്യം ലക്ഷ്യമിടുന്നത്. വമ്പന്‍ ബിസിനസ്സ് ഗ്രൂപ്പുകളുടെ വരവോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നായി രാജസ്ഥാന്‍ റോയല്‍സ് മാറുമെന്ന് ഉറപ്പായി.
പഠിക്കാം & സമ്പാദിക്കാം
Home
