24 May 2025 12:20 PM IST
വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനായി കർശന മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനിടെ വോട്ടർമാർ മൊബൈൽ ഫോണുകൾ കൈവശം വയ്ക്കാൻ ഇനി അനുവദിക്കില്ല. പോളിങ് സ്റ്റേഷനിൽ വോട്ടർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഫോൺ കൈവശമുള്ളവർക്ക് പോളിങ് സ്റ്റേഷനുപുറത്ത് സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
വോട്ടെടുപ്പുദിവസം, പോളിങ് സ്റ്റേഷന്റെ നൂറുമീറ്റർ ചുറ്റളവിൽ രാഷ്ട്രീയ കക്ഷികൾ ബൂത്ത് ക്രമീകരിക്കാനും പ്രചാരണം നടത്താനും വിലക്കേർപ്പെടുത്തി. 1951-ലെ ജനപ്രാതിനിധ്യ നിയമം, 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റർ പരിധിയിൽ ഫോൺ കൊണ്ടുവരേണ്ടിവന്നാൽ, സ്വിച്ച് ഓഫ് ചെയ്തിരിക്കണം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളിൽ റിട്ടേണിങ് ഓഫീസർമാർക്ക് ഇളവുകൾ അനുവദിക്കാമെന്ന് കമ്മീഷൻ അറിയിച്ചു.