image

24 March 2026 9:46 PM IST

News

ഹോര്‍മുസ് കടലിടുക്ക് തുറക്കണം; ട്രംപുമായി കൈകോര്‍ത്ത് മോദി

MyFin Desk

ഹോര്‍മുസ് കടലിടുക്ക് തുറക്കണം;   ട്രംപുമായി കൈകോര്‍ത്ത് മോദി
X

Summary

അന്താരാഷ്ട്ര ജലപാതകളിലെ തടസ്സങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പാര്‍ലമെന്റില്‍ മോദി വ്യക്തമാക്കി. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി


പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനിടയില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി. ലോകത്തിന്റെ 'ഊര്‍ജ്ജ നാഡി' എന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് തടസമില്ലാതെ തുറന്നിടേണ്ടത് ആഗോള സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്ന് എക്‌സിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ജലപാതകളിലെ തടസ്സങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പാര്‍ലമെന്റില്‍ മോദി വ്യക്തമാക്കി. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. യുദ്ധത്തിന്റെ കനല്‍ പുകയുമ്പോഴും ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ സജീവമായ നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും, എണ്ണ-വളം ഇറക്കുമതിയിലെ തടസ്സങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ നീങ്ങുകയാണെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോകാനുള്ള സൂചന ട്രംപ് നല്‍കി.

പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള ഇടുങ്ങിയ കടല്‍പ്പാതയിലൂടെയാണ് ലോകത്തെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം നടക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യുഎസ്-ഇറാന്‍ വാക്‌പോര് മുറുകുമ്പോഴും സമാധാനത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കായി ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുന്നു.