27 Oct 2025 3:17 PM IST
Summary
ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയില്‍ തുടക്കം
47-ാമത് ആസിയാന്‍ ഉച്ചകോടിക്ക് തുടക്കം. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം സ്ഥിരതയുടെയും വികസനത്തിന്റെയും നെടുംതൂണെന്ന് പ്രധാനമന്ത്രി. 2026 ആസിയാന്‍-ഇന്ത്യ മാരിടൈം സഹകരണ വര്‍ഷമെന്നും മോദി.
22ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും ചേര്‍ന്നാല്‍ ആഗോള ജനസംഖ്യയുടെ ഏകദേശം നാലിലൊന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. വ്യാപാര ബന്ധങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക ബന്ധങ്ങളും രാജ്യങ്ങള്‍ക്കിടയിലുണ്ട്. ഇന്‍ഡോ-പസഫിക് സംബന്ധിച്ച ആസിയാന്‍ ലക്ഷ്യങ്ങളെ രാജ്യം പിന്തുണയ്ക്കുന്നു.
ഇന്ത്യയുടെ 'വികസിത് ഭാരത് 2047' ലക്ഷ്യവും 'ആസിയാന്‍ കമ്യൂണിറ്റി വിഷന്‍ 2045' ലക്ഷ്യവും സംയോജിക്കുമ്പോള്‍ അത് മനുഷ്യരാശിക്കും ശോഭനമായ ഭാവി വാഗ്ദാനം ചെയ്യും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് അടുത്തവര്‍ഷം മാരിടൈം സഹകരണ വര്‍ഷമായി ആചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മലേഷ്യയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രാദേശിക സുരക്ഷ, വ്യാപാര ബന്ധങ്ങള്‍, യുഎസ് തീരുവ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, ജപ്പാന്‍ പ്രധാനമന്ത്രി സനെ തകൈച്ചി, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ തുടങ്ങിയവര്‍ മലേഷ്യയിലെത്തി. ഇന്ത്യന്‍ സംഘത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് നയിക്കുന്നത്. 28 വരെയാണ് ഉച്ചകോടി. അതിനിടെ 90കള്‍ക്ക് ശേഷം സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അസോസിയേഷന്‍ ഒരു രാജ്യത്തെ കൂടി കൂട്ടായ്മയിലെ അംഗമാക്കി. കിഴക്കന്‍ തിമൂറാണ് ബ്ലോക്കിന്റെ ഭാഗമായത്.
പഠിക്കാം & സമ്പാദിക്കാം
Home
